പോളണ്ട് ലോകകപ്പിന് പുറത്ത്; ലെവന്‍ഡോവ്‌സ്‌കി ഉടന്‍ വിരമിച്ചേക്കും

Update: 2026-04-03 07:35 GMT

സ്റ്റോക്ക്‌ഹോം: പോളണ്ടിന്റെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ലോകകപ്പ് പ്ലേഓഫ് ഫൈനലില്‍ സ്വീഡനോട് തോറ്റ് പോളണ്ട് പുറത്തായതിന് പിന്നാലെയാണ് വിരമിക്കല്‍ സൂചനയുമായി താരം രംഗത്തെത്തിയത്. ആവേശം നിറഞ്ഞ പ്ലേഓഫ് ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വീഡന്‍ പോളണ്ടിനെ തകര്‍ത്തത്. കളിയുടെ 88-ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോക്കറസ് നേടിയ ഗോളാണ് പോളണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്തത്.

മല്‍സരത്തിന് പിന്നാലെ, ക്യാപ്റ്റന്റെ ആംബാന്‍ഡ് കയ്യിലേന്തി നില്‍ക്കുന്ന ചിത്രം ലെവന്‍ഡോവ്‌സ്‌കി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. 'Time to Say Goodbye' എന്ന ഗാനത്തോടൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

37-കാരനായ ലെവന്‍ഡോവ്‌സ്‌കി പോളണ്ടിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമാണ്. 165 മല്‍സരങ്ങളില്‍ നിന്നായി 89 ഗോളുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.2008-ല്‍ സാന്‍ മരീനോയ്‌ക്കെതിരെ ഗോളടിച്ചു കൊണ്ട് തുടങ്ങിയ രാജ്യാന്തര കരിയറില്‍ രണ്ട് ലോകകപ്പുകളില്‍ മാത്രമാണ് അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചത്. 2022 ലോകകപ്പില്‍ പോളണ്ടിനെ പ്രീ-ക്വാര്‍ട്ടറില്‍ എത്തിച്ചതാണ് മികച്ച നേട്ടം.

ദേശീയ ടീമില്‍ മാത്രമല്ല, ക്ലബ്ബ് തലത്തിലും ലെവന്‍ഡോവ്‌സ്‌കിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ബാഴ്‌സലോണയുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. ഈ സീസണില്‍ ബാഴ്‌സയ്ക്കായി 37 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

സെപ്തംബറില്‍ നടക്കുന്ന നേഷന്‍സ് ലീഗ് മല്‍സരങ്ങളാണ് പോളണ്ടിന് അടുത്തതായി ഉള്ളത്. ലെവന്‍ഡോവ്‌സ്‌കി ഇല്ലാതെയാകുമോ പോളണ്ട് അന്ന് കളത്തിലിറങ്ങുക എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.