മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡ്; സീരി എയില്‍ യുവന്റസ്

ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തത്.

Update: 2020-03-09 05:45 GMT

ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തത്. ലീഗിലെ രണ്ടാം സ്ഥാനക്കാരായ സിറ്റിയെ തരിപ്പണമാക്കുന്ന പ്രകടനമാണ് സോള്‍ഷ്യറിന്റെ ടീം കാഴ്ചവച്ചത്. മാര്‍ഷ്യല്‍ (30), മക്ടോമിനേ (90) എന്നിവരാണ് യുനൈറ്റഡ് സ്‌കോറര്‍മാര്‍. അഞ്ചാം സ്ഥാനക്കാരായ യുനൈറ്റഡ് സീസണില്‍ രണ്ടാം തവണയാണ് ഗ്വാര്‍ഡിയോളയുടെ ടീമിനെ തോല്‍പ്പിക്കുന്നത്. മറ്റൊരു മല്‍സരത്തില്‍ ചെല്‍സി 4- 0ന് എവര്‍ട്ടണിനെ തോല്‍പ്പിച്ചു. നാലാം സ്ഥാനത്തുള്ള ചെല്‍സിയ്ക്കായി മൗണ്ട്(14), പെഡ്രോ(21), വില്യന്‍(51), ജിറൗഡ്(51 ) എന്നിവരാണ് ഗോള്‍ നേടിയത്.

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് വീണ്ടും തലപ്പത്തെത്തി. ഇന്റര്‍മിലാനെ 2-0ന് തോല്‍പ്പിച്ചാണ് യുവന്റസ് വീണ്ടും ഒന്നില്‍ എത്തിയത്. ഇന്റര്‍ ലീഗില്‍ മൂന്നാമതും ലാസിയോ രണ്ടാമതുമാണ്. റാംസേ(54), ഡിബാല(67) എന്നിവരാണ് യുവന്റസിനായി വലകുലിക്കിയത്. മറ്റ് മല്‍സരങ്ങളില്‍ ജിനോവാ എസി മിലാനെ 2-1ന് തോല്‍പ്പിച്ചു.

കൊറോണോ ബാധയെത്തുടര്‍ന്ന് നേരത്തെ മാറ്റിവച്ച മല്‍സരങ്ങളാണ് ഇറ്റലിയില്‍ ഇന്ന് വീണ്ടും തുടങ്ങിയത്. ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ അരങ്ങേറിയത്. ഏപ്രില്‍ മൂന്നുവരെ മല്‍സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് നടക്കുക. ഇറ്റലിയില്‍ 366 ആളുകള്‍ കൊറോണാ വൈറസ് ബാധിച്ച് മരണമടഞ്ഞിരുന്നു. 7,375 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മല്‍സരങ്ങളും ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താന്‍ അസോസിയേഷന്‍ ആലോചിക്കുന്നുണ്ട്.

Tags:    

Similar News