നെയ്മര്‍ ബാഴ്സയിലേക്കില്ലെന്ന് സൂചന
നെയ്മറിന് വേണ്ടിയുള്ള ചര്‍ച്ചയില്‍നിന്ന് എഫ്സി ബാഴ്സലോണ പ്രസിഡന്റ് പിന്മാറിയതോടെയാണ് നെയ്മറിന്റെ ക്ലബ്ബിലേക്കുള്ള വാതില്‍ അടയുന്നത്.
പാരിസ്: പിഎസ്ജി താരം നെയ്മര്‍ ബാഴ്സയിലേക്കില്ലെന്ന് സൂചന. നെയ്മറിന് വേണ്ടിയുള്ള ചര്‍ച്ചയില്‍നിന്ന് എഫ്സി ബാഴ്സലോണ പ്രസിഡന്റ് പിന്മാറിയതോടെയാണ് നെയ്മറിന്റെ ക്ലബ്ബിലേക്കുള്ള വാതില്‍ അടയുന്നത്. നെയ്മറിന് വേണ്ടി യൂറോപ്യന്‍ ക്ലബ് അസോസിയേഷന് ഉച്ചകോടിയില്‍ നടക്കുന്ന ചര്‍ച്ചയില്‍നിന്നാണ് ബാഴ്സ പ്രസിഡന്റ് പിന്മാറിയത്. പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി ചര്ച്ചയ്ക്കെത്തിയിരുന്നെങ്കിലും ബാഴ്സയുടെ പ്രസിഡന്റ് ജോസ്ഫ് മരിയ എത്താതിരുന്നതോടെയാണ് ചര്‍ച്ച നടക്കാതിരുന്നത്.
നേരത്തെ റയല്‍ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും ഓഫര്‍ പിഎസ്ജി തള്ളിയിരുന്നു. ഇരുവരും മുന്നോട്ടുവച്ച ഓഫര്‍ പിഎസ്ജി അംഗീകരിച്ചില്ല. എന്നാല്‍, ബാഴ്സ പിന്മാറുന്ന പക്ഷം റയലിലേക്ക് തന്നെയായിരിക്കും നെയ്മറിന്റെ വരവ്. ഫിലിപ്പ് കുട്ടീഞ്ഞോ, ഉസ്മാന് ഡെംബലേ, ഷോന് ക്ലെയര്‍ തോദിബോ എന്നിവരെയും 90 ദശലക്ഷവും തന്നാല്‍ നെയ്മറിനെ നല്‍കാമെന്നാണ് പിഎസ്ജിയുടെ നിലപാട്. സ്പാനിഷ് ലീഗില്‍ ട്രാന്‍സ്ഫര്‍ ഡെഡ് ലൈന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്.