ഐക്യദാര്‍ഢ്യം; പ്രതിഷേധത്തെ തുടര്‍ന്ന് സെല്‍റ്റിക്ക് ഫലസ്തീന്‍ പതാക മാറ്റി

പിന്നീട് യുവേഫാ ക്ലബ്ബിനെതിരേ നടപടിയെടുത്തിരുന്നു.

Update: 2021-05-14 00:37 GMT


എഡിന്‍ബര്‍ഗ്: ഇസ്രായേലിന്റെ ഫലസ്തീന്‍ ആക്രമങ്ങള്‍ക്കെതിരേ രംഗത്തു വന്ന സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്കിനെതിരേ പ്രതിഷേധം.സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബായ സെല്‍റ്റിക്കിന്റെ ഒരു കൂട്ടം ആരാധകരാണ് ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സെന്റ് ജോണ്‍സ്റ്റണിനെതിരായ മല്‍സരത്തിന് മുന്നോടിയായാണ് ഒരു കൂട്ടം ആരാധകര്‍ ഗ്യാലറിയില്‍ ഫലസ്തീന് പതാകകള്‍ നാട്ടിയത്.

സെല്‍റ്റിക്കിന്റെ മല്‍സരത്തില്‍ ആരാധക ഗ്രൂപ്പായ നോര്‍ത്ത് കര്‍വ് ഫലസ്തീന്‍ പതാകകള്‍ പറത്തുമെന്ന അടിക്കുറിപ്പുമായി ട്വിറ്ററില്‍ ഫോട്ടോയും ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരേ സ്‌കോട്ടിഷ് ഫുട്‌ബോള്‍ രംഗത്ത് വരികയായിരുന്നു. സെല്‍റ്റിക്ക് ക്യാപ്റ്റന്‍ സ്‌കോട്ട് ബ്രൗണിന്റെ വിടവാങ്ങല്‍ മല്‍സരത്തിനായി അദ്ദേഹത്തിന് ആശംസകളര്‍പ്പിക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്നും ഇത് ആരാധകര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു. അസോസിയേഷന്റെ പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് ആരാധകര്‍ ഫലസ്തീന്‍ പതാകളും ബാനറുകളും മാറ്റി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സെല്‍റ്റിക്ക് എതിരില്ലാത്ത നാല് ഗോളിന് സെന്റ് ജോണ്‍സ്റ്റണനെ തോല്‍പ്പിച്ചിരുന്നു.


2018ല്‍ സമാനതരത്തില്‍ ഫലസ്തീന് സെല്‍റ്റിക്ക് ആരാധകര്‍ ഗ്യാലറിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാനറകളും പതാകകളും തൂക്കിയിരുന്നു. പിന്നീട് യുവേഫാ ക്ലബ്ബിനെതിരേ നടപടിയെടുത്തിരുന്നു. ഫുട്‌ബോളില്‍ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി.




Tags:    

Similar News