കബഡി ടൂര്‍ണമെന്റില്‍ 'ഇന്ത്യന്‍' ടീമിനായി കളിച്ച് പാക് രാജ്യാന്തര താരം, നടപടിയുമായി പാകിസ്താന്‍

Update: 2025-12-19 06:50 GMT

മനാമ: ബഹ്റൈനില്‍ നടന്ന ഒരു സ്വകാര്യ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനായി കളിച്ച പാകിസ്താനിലെ പ്രമുഖ രാജ്യാന്തര കബഡി താരമായ ഉബൈദുല്ല രജ്പുതിനെതിരെ അച്ചടക്ക നടപടിയെടുക്കും. ജിസിസി കപ്പിനിടെ ഉബൈദുല്ല ഇന്ത്യന്‍ ജഴ്സി ധരിച്ച് ഇന്ത്യന്‍ പതാക വീശുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായതിനെത്തുടര്‍ന്നാണ് നടപടി. ഈ മാസം 27ന് പാകിസ്താന്‍ കബഡി ഫെഡറേഷന്‍ (പികെഎഫ്) അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും വിഷയം ചര്‍ച്ച ചെയ്ത് ഉബൈദുല്ലയ്ക്കും മറ്റു ചില താരങ്ങള്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പികെഎഫ് സെക്രട്ടറി റാണ സര്‍വാര്‍ പറഞ്ഞു.

ഈ മാസം 16നാണ് ബഹ്റൈനില്‍ ജിസിസി കപ്പ് കബഡി ടൂര്‍ണമെന്റ് നടന്നത്. ''ഇന്ത്യ, പാകിസ്താന്‍, കാനഡ, ഇറാന്‍ തുടങ്ങിയ പേരുകളില്‍ സ്വകാര്യ ടീമുകള്‍ രൂപീകരിച്ച മല്‍സരമായിരുന്നു ഇതെന്ന് സംഘാടകര്‍ സ്ഥിരീകരിച്ചു. എന്നാല്‍ എല്ലാ ടീമുകളിലും അതാതു രാജ്യത്തെ താരങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ കളിക്കാര്‍ ഇന്ത്യന്‍ സ്വകാര്യ ടീമിനെയാണ് പ്രതിനിധീകരിച്ചത്. ഉബൈദുല്ലയും അവര്‍ക്കുവേണ്ടിയാണ് കളിച്ചത്. ഈ സാഹചര്യങ്ങളില്‍ ഇത് അസ്വീകാര്യമാണ്.'' സര്‍വര്‍ പറഞ്ഞു.

16 പാകിസ്താന്‍ താരങ്ങള്‍ ഫെഡറേഷന്റെയോ പാക്കിസ്ഥാന്‍ സ്‌പോര്‍ട്‌സ് ബോര്‍ഡിന്റെയോ അനുമതിയില്ലാതെ സ്വന്തം നിലയില്‍ ബഹ്റൈനിലേക്ക് പോയെന്നും അതിനാല്‍, പാകിസ്താന്‍ ടീമിന്റെ പേരില്‍ വ്യാജമായി കളിച്ചതിന് ഈ താരങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്നും റാണ സര്‍വര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഉബൈദുല്ല രജ്പുത് ക്ഷമാപണം നടത്തി. ബഹ്റൈനില്‍ നടക്കുന്ന പരിപാടിയില്‍ കളിക്കാന്‍ തന്നെ ക്ഷണിക്കുകയായിരുന്നെന്നും ഒരു സ്വകാര്യ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താന്‍ കളിച്ച ടീമിന് ഇന്ത്യന്‍ ടീം എന്നു പേരിട്ടത് പിന്നീട് മാത്രമാണ് അറിഞ്ഞതെന്നും ഇതോടെ ഇന്ത്യയുടെയും പാകിസ്താന്റെയും പേരുകള്‍ ഉപയോഗിക്കരുതെന്ന് താന്‍ സംഘാടകരോട് പറഞ്ഞതായും ഉബൈദുല്ല പറഞ്ഞു.



''മുന്‍കാലങ്ങളില്‍ സ്വകാര്യ മല്‍സരങ്ങളില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങള്‍ സ്വകാര്യ ടീമുകള്‍ക്കുവേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്, പക്ഷേ ഇന്ത്യയെന്നോ പാകിസ്താനെന്നോ ഉള്ള പേരില്‍ ഒരിക്കലും കളിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും എനിക്കറിയില്ലായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ അങ്ങനെ ചെയ്യാന്‍ എനിക്ക് കഴിയില്ല.'' ഉബൈദുല്ല രജ്പുത് പറഞ്ഞു.