പോര്‍ച്ചുഗീസ് ക്ലബ്ബ് ബെലനീസസിന്റെ 13 താരങ്ങള്‍ക്ക് ഒമിക്രോണ്‍

കഫൂ ഫെറ്റെയിലൂടെയാവാം രോഗം പടര്‍ന്നതെന്ന് ക്ലബ്ബ് അറിയിച്ചു.

Update: 2021-11-29 17:41 GMT



ലിസ്ബണ്‍: പോര്‍ച്ചുഗീസ് ക്ലബ്ബ് ബെലനീസസിന്റെ 13 താരങ്ങള്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ബെലനീസസിന്റെ ഡിഫന്ററും ദക്ഷിണാഫ്രിക്കന്‍ താരവുമായ കഫു ഫെറ്റെയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ബെന്‍ഫിക്കയ്ക്കെതിരായ മല്‍സരത്തിന് മുമ്പ് നിരവധി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് എടീമിലെ താരങ്ങളുമായാണ് മല്‍സരം ആരംഭിച്ചത്. മല്‍സരത്തിനിടെ നാല് താരങ്ങള്‍ പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്ന് കളിക്കാന്‍ താരങ്ങളില്ലാതെ മല്‍സരം മാറ്റിവച്ചിരുന്നു. ബെന്‍ഫിക്കയ്ക്കെതിരായ മല്‍സരത്തില്‍ കളിച്ച താരങ്ങളും ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ബെന്‍ഫിക്കാ ടീമും നിരീക്ഷണത്തിലാണ്.

അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയില്‍ പോയി തിരിച്ചുവന്ന കഫൂ ഫെറ്റെയിലൂടെയാവാം രോഗം പടര്‍ന്നതെന്ന് ക്ലബ്ബ് അറിയിച്ചു. ക്ലബ്ബിലെ 44 താരങ്ങളും സപോര്‍ട്ടിങ് സ്റ്റാഫുകളും നിരീക്ഷണത്തിലാണ്.




Tags: