ആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് സമനില

Update: 2025-06-06 06:34 GMT

സാവോപോളോ: ബ്രസീല്‍ പരിശീലകനായുള്ള കാര്‍ലോ ആഞ്ചലോട്ടിയുടെ തുടക്കം സമനിലയോടെ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇക്വഡോറുമായി ബ്രസീല്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പന്തടക്കത്തിലും പാസിങിലും ആക്രമണം നടത്തുന്നതിലും ലക്ഷ്യ സ്ഥാനത്തേക്ക് ഷോട്ടുതിര്‍ക്കുന്നതിലും തുടങ്ങി കളിയുടെ സമസ്ത മേഖലകളിലും ബ്രസീല്‍ പിന്നിലായിരുന്നു. ആധിപത്യം ഇക്വഡോറിനു തന്നെയായിരുന്നു. കളിയില്‍ ഗോള്‍ വഴങ്ങിയില്ലെന്നു മാത്രം ആശ്വസിക്കാനുള്ള വകയേ ബ്രസീലിനു ലഭിച്ചുള്ളു.

4-3-3 ശൈലിയിലാണ് ആദ്യ പോരില്‍ ആഞ്ചലോട്ടി ടീമിനെ വിന്ന്യസിച്ചത്. ഇടവേളയ്ക്കു ശേഷം കാസെമിറോ ബ്രസീല്‍ മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുത്തു. യൂറോപ്പിലെ വമ്പന്‍ ടീമുകളില്‍ കളിക്കുന്ന താരങ്ങളെയെല്ലാം ആഞ്ചലോട്ടി ആദ്യ ഇലവനില്‍ ഇറക്കി. പക്ഷേ അതിന്റെ ആധിപത്യമൊന്നും കളത്തില്‍ കണ്ടില്ല.

വിനിഷ്യസ് ജൂനിയര്‍, റിച്ചാര്‍ലിസന്‍, എസ്റ്റേവോ എന്നിവരായിരുന്നു മുന്നേറ്റത്തില്‍. മധ്യനിരയില്‍ കാസമിറോയും പ്രതിരോധത്തില്‍ മാര്‍ക്വിനോസും ഗോള്‍ വല കാക്കാന്‍ അലിസനും എത്തി. ആര്‍ക്കും കളത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ പക്ഷേ കഴിഞ്ഞില്ല. മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ബ്രസീല്‍ അടിച്ചത്. അതില്‍ തന്നെ രണ്ടെണ്ണം മാത്രമായിരുന്നു ലക്ഷ്യത്തിലേക്ക് തൊടുത്തത്. അതൊന്നും പക്ഷേ ഗോളായതുമില്ല.



Tags: