ഫിഫാ ലോകകപ്പ് യോഗ്യത; ഇരട്ട പൗരത്വമുള്ള താരങ്ങളെ പങ്കെടുപ്പിച്ചു, ഡി ആര്‍ കോംഗോയ്‌ക്കെതിരേ പരാതിയുമായി നൈജീരിയ

Update: 2025-12-18 08:22 GMT

സൂറിച്ച്: 2026 ഫിഫ ലോകകപ്പിലേക്കുള്ള ആഫ്രിക്കന്‍ യോഗ്യതാ പ്ലേ ഓഫില്‍ അര്‍ഹതയില്ലാത്ത കളിക്കാരെ കളിപ്പിച്ചെന്നാരോപിച്ച് നൈജീരിയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി. കഴിഞ്ഞ മാസം നടന്ന പ്ലേ ഓഫില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡി.ആര്‍. കോംഗോ നൈജീരിയയെ പരാജയപ്പെടുത്തി ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

ഡി ആര്‍ കോംഗോയ്ക്ക് വേണ്ടി കളിച്ച നിരവധി താരങ്ങള്‍ക്ക് ഇരട്ട പൗരത്വമുണ്ടെന്നും കളിക്കാര്‍ ആശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കളിച്ചെതെന്നും നെജീരിയ ആരോപിച്ചു.''കോംഗോയുടെ നിയമങ്ങള്‍ പ്രകാരം ഇരട്ട പൗരത്വം അനുവദനീയമല്ല. എന്നാല്‍ യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുള്ള നിരവധി കളിക്കാര്‍ അവര്‍ക്കുണ്ട് ഫ്രഞ്ച്, ഡച്ച് പാസ്പോര്‍ട്ടുകളുള്ളവര്‍ ഉള്‍പ്പെടെ.''''ഫിഫയുടെ നിയമങ്ങള്‍ അനുസരിച്ച് ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ലഭിച്ചാല്‍ ആ രാജ്യത്തിന് വേണ്ടി കളിക്കാം. ''ഫിഫയ്ക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ അനുമതി നല്‍കിയത്. പക്ഷേ ആ വിവരങ്ങള്‍ തെറ്റായതും വഞ്ചനാപരവുമാണ്-നൈജീരിയ ഫുട്‌ബോള്‍ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി മുഹമ്മദ് സനൂസി പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഡി ആര്‍ കോംഗോയെ ഒഴിവാക്കി നൈജീരിയ ലോകകപ്പിന് യോഗ്യത നേടും.