ഗുരുതര പരിക്കിനെ അവഗണിച്ച് കളത്തിലിറങ്ങി; സാന്റോസിനെ തരംതാഴ്ത്തലില്‍ നിന്ന് രക്ഷിച്ച് നെയ്മര്‍
സാവോപോളോ: സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ രക്ഷകനായി അവതരിച്ചപ്പോള്‍ സാന്റോസ് എഫ്സിക്ക് നിര്‍ണായക വിജയം. സീരി എയില്‍ നടന്ന മല്‍സരത്തില്‍ സ്പോര്‍ട് റെസിഫെയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സാന്റോസ് എഫ്സി വിജയം സ്വന്തമാക്കിയത്. ഗുരുതരമായ മെനിസ്‌കസ് പരിക്കിനെയും അവഗണിച്ച് കളത്തിലിറങ്ങിയ നെയ്മര്‍ ജൂനിയര്‍ ഒരു ഗോളും അസിസ്റ്റുമായി കളംനിറഞ്ഞു.
25-ാം മിനിറ്റില്‍ നെയ്മര്‍ നേടിയ ഗോളാണ് സാന്റോസിന് ആദ്യം ലീഡ് സമ്മാനിച്ചത്. 36-ാം മിനിറ്റില്‍ ലൂക്കാസ് കാലിന്റെ സെല്‍ഫ് ഗോള്‍ സാന്റോസിന്റെ സ്‌കോര്‍ ഇരട്ടിയാക്കി. 67-ാം മിനിറ്റില്‍ നെയ്മറിന്റെ അസിസ്റ്റില്‍ ജാവോ ഷ്മിത്ത് നേടിയ ഗോളില്‍ സാന്റോസ് എഫ്സി വിജയമുറപ്പിച്ചു.
നിര്‍ണായക വിജയം സ്വന്തമാക്കിയതോടെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് കരകയറാന്‍ സാന്റോസ് എഫ്സിക്ക് സാധിച്ചു. ഇതോടെ 36 മത്സരങ്ങളില്‍ നിന്ന് 41 പോയിന്റുകള്‍ നേടിയ സാന്റോസ് അവസാന രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് കരകയറിയത്.