ബ്രസീല്‍ സ്‌ക്വാഡില്‍ തിരിച്ചെത്തി നെയ്മര്‍

Update: 2026-03-11 08:24 GMT

സാവോപോളോ: ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മര്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും അന്താരാഷ്ട്ര ടീമില്‍ തിരിച്ചെത്തി. ഈ മാസം അവസാനം ഫ്രാന്‍സ്, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കെതിരെ നടക്കുന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള താല്‍ക്കാലിക പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026 ഫിഫ ലോകകപ്പിനുള്ള അന്തിമ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഈ മല്‍സരങ്ങള്‍ വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പിന് മുന്‍പായി തന്റെ പദ്ധതികള്‍ ഒരുക്കുന്നതിനുള്ള നിര്‍ണായകമായ ചുവടുവയ്പ്പായാണ് ബ്രസീല്‍ മുഖ്യപരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ഈ മല്‍സരങ്ങളെ കാണുന്നത്. പരിക്കുകള്‍ കാരണം 2023 അവസാന പകുതി മുതല്‍ ദേശീയ ടീമില്‍ നിന്ന് പുറത്തായിരുന്നു നെയ്മര്‍. ഇപ്പോള്‍ തന്റെ പഴയ ക്ലബ്ബായ സാന്റോസ് എഫ്സിയില്‍ തിരിച്ചെത്തിയ 34കാരനായ നെയ്മര്‍, ഈ വര്‍ഷം ആദ്യം കളത്തിലേക്ക് തിരിച്ചെത്തിയത് മുതല്‍ മികച്ച ഫോമിന്റെ സൂചനകള്‍ നല്‍കിയിരുന്നു. വെലോ ക്ലബ്ബിനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ താരം, പിന്നീട് നോവോറിസോണ്ടിനോ, വാസ്‌കോ എന്നീ ടീമുകള്‍ക്കെതിരെ ആദ്യ ഇലവനില്‍ കളിക്കുകയും രണ്ടു ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

പ്രാഥമിക ടീമില്‍ ഇടം നേടിയെങ്കിലും ദേശീയ ടീമിലേക്കുള്ള മടക്കം അത്ര എളുപ്പമാകില്ല. സാന്റോസിന്റെ ലീഗ് മല്‍സരത്തില്‍ നെയ്മറെ നിരീക്ഷിക്കാന്‍ കോച്ച് ആഞ്ചലോട്ടി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നെയ്മര്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇനി കൊറിന്ത്യന്‍സിനെതിരെയാണ് സാന്റോസിന്റെ മല്‍സരം. താന്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തുവെന്ന് കോച്ചിംഗ് സ്റ്റാഫിനെ ബോധ്യപ്പെടുത്താന്‍ നെയ്മറിന് ഈ മല്‍സരം നിര്‍ണ്ണായകമാണ്.





Tags: