നെയ്മര്‍ ലോകകപ്പിന് തയ്യാര്‍; സാന്റോസിനെ റെലഗേഷന്‍ സോണില്‍ നിന്ന് രക്ഷപ്പെടുത്തി; ഇരട്ട ഗോള്‍ നേട്ടവും
ബ്രസീലിയോ: ബ്രസീലിയന്‍ സീരി എ മല്‍സരത്തില്‍ ജുവന്റ്യൂഡിനെ 3-1ന് തകര്‍ത്ത് സാന്റോസ് തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് പുറത്തുകടന്നു. സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ വിജയശില്പിയായി. 37ാം മിനിറ്റില്‍ ആയിരുന്നു നെയ്മറുടെ ആദ്യ ഗോള്‍ പിറന്നത്. 80ാം മിനിറ്റില്‍ ഗോളിയെ പൂര്‍ണമായും നിഷ്പ്രഭമാക്കി സ്വതസിദ്ധമായ ശൈലിയില്‍ നെയ്മറുടെ വക പെനാല്‍റ്റി.
വിജയത്തോടെ, സാന്റോസ് 18 പോയിന്റുകള്‍ നേടുകയും തരംതാഴ്ത്തല്‍ മേഖല വിട്ട് 15-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ നെയ്മര്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 2026 ലോകകപ്പ് കിരിടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബ്രസീലിന് ഏറെ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ് നെയ്മറില്‍ നിന്ന് പിറന്ന 2 ഗോളുകള്‍.