ആരാധകന് ഹൃദയാഘാതം; ടോട്ടന്‍ഹാമിന്റെ റീഗിലോണും എറിക്ക് ഡൈറും ജീവന്‍ രക്ഷിച്ചു

സൗദി ഭീമന്‍മാര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മല്‍സരത്തില്‍ ന്യൂകാസില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങി.

Update: 2021-10-17 19:01 GMT


ലണ്ടന്‍: ഹൃദയാഘാതം സംഭവിച്ച് ഗ്യാലറിയില്‍ കുഴഞ്ഞ് വീണ ആരാധകന് ജീവന്‍ നടകിയത് ടോട്ടന്‍ഹാമിന്റെ റീഗിലോണും എറിക് ഡൈറും. ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന ടോട്ടന്‍ഹാം-ന്യൂകാസില്‍ യുനൈറ്റഡ് മല്‍സരത്തിനിടെയാണ് വിവാദമായ രംഗം അരങ്ങേറിയത്. മല്‍സരം നടക്കുന്നതിനിടെ ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്ന ആരാധകന് ഹൃദയാഘാതം സംഭവിക്കുകയും കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് അരികെയുള്ള ആളുകളുടെ നിലവിളി കേട്ട ടോട്ടന്‍ഹാം താരം റീഗിലോണ്‍ റഫറിയോട് വിവരം അറിയിക്കുകയും മല്‍സരം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ അവസരത്തില്‍ ടോട്ടന്‍ഹാമിന്റെ മറ്റൊരു താരമായ എറിക്ക് ഡൈറും ടീം ഡോക്ടറെ വിവരം അറിയിക്കുകയും ആരാധകനെ നോക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.


തക്കസമയത്ത് ഡോക്ടര്‍ ആരാധകന്റെ അടുത്തേക്ക് വരികയും വേണ്ട പരിചരണങ്ങള്‍ നല്‍കുകയുമായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിച്ചു. റീഗിലോണിന്റെയും എറിക് ഡൈറിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ആരാധകന്റെ ജീവന്‍ രക്ഷിച്ചത്.


അതിനിടെ മിനിറ്റുകള്‍ക്ക് ശേഷം മല്‍സരം വീണ്ടും ആരംഭിച്ചു. സൗദി ഭീമന്‍മാര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മല്‍സരത്തില്‍ ന്യൂകാസില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങി. 3-2നാണ് ന്യൂകാസില്‍ തോറ്റത്. ജയത്തോടെ ടോട്ടന്‍ഹാം അഞ്ചാം സ്ഥാനത്തും തോല്‍വിയുടെ ന്യൂകാസില്‍ 19ാം സ്ഥാനത്തും നിലയുറപ്പിച്ചു.




Tags:    

Similar News