നാപോളി താരത്തിനു നേരെ വംശീയാധിക്ഷേപം: മല്‍സരം ബഹിഷ്‌കരിക്കുമെന്ന് ആന്‍സലോട്ടി

വംശീയാധിക്ഷേപം ആവര്‍ത്തിച്ചാല്‍ അടങ്ങിയിരിക്കില്ലെന്നും മത്സരം ബഹിഷ്‌കരിക്കുമെന്നും ആന്‍സലോട്ടി പറഞ്ഞു.

Update: 2018-12-28 10:26 GMT

സാന്‍ സൈറോ: ഇറ്റാലിയന്‍ സീരിസ് എയില്‍ നാപോളി- ഇന്റര്‍ മിലാന്‍ മത്സരത്തിനിടെ പ്രതിരോധ താരം കലിദു കോലിബാലിക്കെതിരെ വംശീയാധിക്ഷേപം നടത്തിയതിനെതിരെ നാപോളി കോച്ച് കാര്‍ലോ ആന്‍സലോട്ടി രംഗത്തെത്തി.

മൂന്നു തവണ മത്സരം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും റഫറി കളി നിര്‍ത്തിവച്ചിരുന്നില്ല. ഇനിയും ഇത്തരത്തില്‍ വംശീയാധിക്ഷേപം ആവര്‍ത്തിച്ചാല്‍ അടങ്ങിയിരിക്കില്ലെന്നും മത്സരം ബഹിഷ്‌കരിക്കുമെന്നും ആന്‍സലോട്ടി പറഞ്ഞു. പോയന്റ് നഷ്ടമായാലും പ്രശ്‌നമില്ല, കളിക്കളത്തില്‍ ഒരു താരത്തിന് വംശീയാധിക്ഷേപം സഹിച്ച് കളിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വംശീയാധിക്ഷേപം ഉണ്ടായാല്‍ മൂന്നു തവണ മൈക്കിലൂടെ അനൗണ്‍സ് ചെയ്തതിനു ശേഷം മത്സരം ഏതാനം മിനുട്ട് നിര്‍ത്തിവക്കാനുള്ള അധികാരം നിയമങ്ങള്‍ റഫറിക്ക് നല്‍കുന്നുണ്ട്. നാപോളി കോച്ച് ആവശ്യപ്പെട്ടിട്ടും മത്സരം കുറച്ച് സമയം നിര്‍ത്തിവക്കാന്‍ തയ്യാറാകാത്ത മാച്ച് ഒഫീഷ്യല്‍സിനെതിരെ പ്രതികരണം ശക്തമാവുകയാണ്.




Tags:    

Similar News