ആഫ്‌ക്കോണ്‍ കിരീടം മൊറോക്കോയ്ക്ക്; സെനഗലിനെ അയോഗ്യരാക്കി, ജയം അപ്പീലില്‍
ഹേഗ്: 2026 ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടം മൊറോക്കോയ്ക്ക്. ജനുവരി 19-ന് നടന്ന ഫൈനലില്‍ സെനഗല്‍ വിജയിച്ചിരുന്നെങ്കിലും, മല്‍സരത്തിനിടെയുണ്ടായ അച്ചടക്ക ലംഘനങ്ങളെത്തുടര്‍ന്നാണ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെനഗലിനെ അയോഗ്യരാക്കിയത്. ഇതോടെ രണ്ടാം സ്ഥാനക്കാരായ മൊറോക്കോയെ പുതിയ ചാംപ്യന്മാരായി പ്രഖ്യാപിച്ചു.
മല്‍സരത്തിനിടെ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചതില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ മൈതാനം വിട്ടതാണ് വിനയായത്. എക്‌സ്ട്രാ ടൈമില്‍ പേപ്പ് ഗ്വെയുടെ ഗോളില്‍ സെനഗല്‍ മുന്നിട്ടു നില്‍ക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. സെനഗല്‍ നേടിയ രണ്ടാമത്തെ ഗോള്‍ ഫൗള്‍ ചൂണ്ടിക്കാട്ടി റഫറി നിഷേധിക്കുകയും തൊട്ടുപിന്നാലെ മൊറോക്കോയ്ക്ക് പെനാല്‍റ്റി അനുവദിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സെനഗല്‍ പരിശീലകന്‍ താരങ്ങളെ തിരിച്ചുവിളിച്ചതോടെ കളി തടസ്സപ്പെട്ടു.
സാദിയോ മാനെയുടെ ഇടപെടലിനെത്തുടര്‍ന്ന് 17 മിനിറ്റുകള്‍ക്ക് ശേഷം മത്സരം പുനരാരംഭിക്കുകയും സെനഗല്‍ കപ്പുയര്‍ത്തുകയും ചെയ്‌തെങ്കിലും, മൊറോക്കോ ഫെഡറേഷന് ഔദ്യോഗിക പരാതി നല്‍കുകയായിരുന്നു. ബഹിഷ്‌കരണ ശ്രമം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയ ഫെഡറേഷന്‍ സെനഗലിന്റെ കിരീടം റദ്ദാക്കാന്‍ തീരുമാനിച്ചു. നേരത്തെ തന്നെ താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയും പിഴയും ചുമത്തിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമായ ഈ തീരുമാനത്തിലൂടെ മൊറോക്കോ ഒരിക്കല്‍ കൂടി ആഫ്രിക്കയുടെ രാജാക്കന്മാരായി.
