എഐഎഫ്എഫിനെതിരേ മോഹന്‍ ബഗാന്‍; പരിക്കേറ്റാല്‍ തിരിഞ്ഞു നോക്കില്ല, താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് വിട്ടുതരില്ല
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാംപിലേക്ക് താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് അടക്കമുള്ള താരങ്ങളെയാണ് ടീം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ഖാലിദ് ജമീല്‍ ചുമതലയേറ്റിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം സിഎഎഫ്എ നേഷന്‍സ് പോരാട്ടത്തിനുള്ള 35 അംഗ പ്രാഥമിക ദേശീയ സംഘത്തേയും തിരഞ്ഞെടുത്തിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ക്യാംപ് ബംഗളൂരുവില്‍ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാംപിലേക്കാണ് ക്ലബ്ബ് താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത്.ഇന്ത്യന്‍ ടീമിലെ താരങ്ങളെ വിട്ടുകൊടുത്താല്‍ അവര്‍ തിരിച്ചെത്തുക പരിക്കോടെ ആയിരിക്കുമെന്നാണ് ബഗാന്റെ ഭാഷ്യം. പരിക്കേറ്റ താരങ്ങളെ അവര്‍ പിന്നീട് വേണ്ട പോലെ ചികില്‍സിക്കില്ലെന്നും ഇത് ക്ലബ്ബുകള്‍ക്ക് വന്‍ തിരിച്ചടിയാണെന്നും ബഗാന്‍ അറിയിച്ചു. ഈ വിന്‍ഡോയില്‍ ക്ലബ്ബ്് താരങ്ങളെ ദേശീയ ടീമിനായി വിട്ടുകൊടുക്കണമെന്ന് ഫിഫയുടെ നിര്‍ബന്ധിത വിധിയിലെന്നും ബഗാന്‍ വ്യക്തമാക്കി.
ഏഴ് മോഹന്‍ ബഗാന്‍ താരങ്ങളടക്കം 13 താരങ്ങള്‍ ക്യാംപിലേക്ക് പോകുന്നില്ല. അനിരുദ്ധ് ഥാപ, ദീപക് ടാംഗ്രി, ലാലെങ്മാവിയ, ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിങ്, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്, വിശാല്‍ കെയ്ത്ത് അടക്കമുള്ള താരങ്ങളെയാണ് ഐഎസ്എല്‍ ചാംപ്യന്‍മാര്‍ വിട്ടുകൊടുക്കാത്തത്.
സീനിയര്‍ ടീമിലേക്കും ഒപ്പം അണ്ടര്‍ 23 ടീമിലേക്കും മോഹന്‍ ബഗാന്‍ താരങ്ങളെ വിട്ടുകൊടുത്തിട്ടില്ല. ഖത്തറില്‍ അടുത്ത മാസം നടക്കുന്ന എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായി തയ്യാറെടുക്കുന്ന ഇന്ത്യ അണ്ടര്‍ 23 ടീമിലുള്ള യുവതാരങ്ങളായ ദീപേന്ദു ബിശ്വാസ്, സുഹൈല്‍ ഭട്ട്, പ്രിയാന്‍ഷ് ദുബെ, ടി അഭിഷേക് സിങ് എന്നിവരേയാണ് ബഗാന്‍ വിട്ടുകൊടുക്കാന്‍ സമ്മതിക്കാതെ നില്‍ക്കുന്നത്.
