ലിസ്ബണ്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബ് അല്‍ നസറുമായി വഴിപിരിയുമെന്ന തരത്തിലുള്ള റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ക്ലബ്ബ് ഉടമകളായ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി (PIF) റൊണാള്‍ഡോ ഇടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം അല്‍ റിയാദിനെതിരെ നടന്ന മല്‍സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല. ഇതിനിടയിലാണ് മേജര്‍ ലീഗ് സോക്കറില്‍ നിന്നും യൂറോപ്പില്‍ നിന്നും റൊണാള്‍ഡോക്ക് വിളി ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.എന്നാല്‍ ഏത് ക്ലബ്ബാണ് താരത്തിനായി രംഗത്തുള്ളതെന്ന് സ്ഥിരീകരിച്ചിട്ടില്ല.ലയണല്‍ മെസ്സിയുടെ ഇന്റര്‍മയാമിയിലേക്ക് താരത്തെ എത്തിക്കാന്‍ സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുമുണ്ട്. എന്നാല്‍ റൊണാള്‍ഡോ ഇതില്‍ വിശദീകരണം നല്‍കിയിട്ടില്ല.
അല്‍ ഹിലാല്‍, അല്‍ നസര്‍, അല്‍ അഹ്ലി, അല്‍ ഇത്തിഹാദ് എന്നീ നാല് സൗദി ക്ലബ്ബുകളുടെ ഉടമകളാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. ഇതില്‍ അല്‍ ഹിലാലിനെ കപ്പടിപ്പിക്കാന്‍ പിഐഎഫ് ശ്രമിക്കുന്നു എന്നതാണ് റൊണാള്‍ഡോ ഉന്നയിക്കുന്ന വിഷയം. സ്വന്തം ഉടമസ്ഥതയില്‍ നിന്നുള്ള ക്ലബ്ബായ അല്‍ ഇത്തിഹാദില്‍ നിന്ന് ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സമയെ അല്‍ ഹിലാലിലേക്ക് എത്തിച്ചതാണ് പ്രശ്‌നം വഷളാകാന്‍ കാരണം. അല്‍ നസറിനായി കൂടുതല്‍ സൈനിങ്ങുകള്‍ നടത്തുന്നില്ല എന്നതും പ്രശ്‌നമായി മാറി.
ഇതോടെയാണ് റൊണാള്‍ഡോ അല്‍ റിയാദിനെതിരെ നടന്ന മല്‍സരം കളിക്കാതെ പുറത്തിരുന്നത്. എന്നാല്‍ റൊണാള്‍ഡോയുടെ പ്രതിഷേധത്തെ വകവെക്കാതെ ഫ്രഞ്ച് താരത്തെ പിഐഎഫ് അല്‍ ഹിലാലില്‍ എത്തിച്ചു. 18 മാസത്തെ കരാറാണ് കരീം ബെന്‍സമ അല്‍ ഹിലാലുമായി ഒപ്പുവച്ചിരിക്കുന്നത്. ഇതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ വിടാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ സമ്മറില്‍ അല്‍ നസറുമായി രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരുന്ന റൊണാള്‍ഡോ വളരെയധികം പോസിറ്റീവ് ആയാണ് സംസാരിച്ചിരുന്നത്.
അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കൂടി ഭാഗമായ എംഎല്‍എസിനെ എപ്പോഴും സൗദി പ്രൊ ലീഗിനേക്കാള്‍ ഒരു പടി താഴെയായാണ് റൊണാള്‍ഡോ കണക്കാക്കിയിരുന്നത്. സൗദി ലീഗിനേക്കാള്‍ മോശമാണ് എംഎല്‍എസ് എന്ന് 2025-ല്‍ ഒരു മാധ്യമത്തോട് സംസാരിക്കുമ്പോള്‍ റൊണാള്‍ഡോ പറഞ്ഞിരുന്നു.
