മെസ്സിയുടെ സഹോദരിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്; അപകടനില തരണം ചെയ്തു, വിവാഹം മാറ്റിവച്ചു
മയാമി: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ സഹോദരി മരിയ സോള്‍ മെസ്സിക്ക് മയാമിയിലുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്ക്. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ജനുവരി ആദ്യവാരം നടത്താനിരുന്ന മരിയയുടെ വിവാഹവും മാറ്റിവച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് മരിയ.
റിപോര്‍ട്ടുകള്‍ പ്രകാരം 32-കാരിയായ മരിയയുടെ പരിക്കുകള്‍ ഗുരുതരമാണ്. നട്ടെല്ലിന് ഒടിവ് സംഭവിക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉപ്പൂറ്റിക്കും കൈത്തണ്ടയ്ക്കും ഒടിവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. മരിയ അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാല്‍ പരിക്കുകള്‍ ഭേദമാകാന്‍ നീണ്ട സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മരിയ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
ഇന്റര്‍ മയാമിയുടെ അണ്ടര്‍-19 ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായ ജൂലിന്‍ തുലിയാണ് മരിയ സോളിന്റെ പ്രതിശ്രുത വരന്‍. ജനുവരി മൂന്നിന് റൊസാരിയോയില്‍വെച്ചായിരുന്നു മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മെസ്സിയുടെയും ഭാര്യ ആന്റോണെല്ല റക്കൂസോയുടെയും വിവാഹവും 2017-ല്‍ റൊസാരിയോയില്‍വെച്ചായിരുന്നു.