കൊച്ചി: ലോക ഫുട്‌ബോള്‍ ചാംപ്യന്‍മാരായ അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം സംബന്ധിച്ച തീരുമാനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. നവംബര്‍ 15ഓടെ ടീം കേരളത്തിലെത്തും. 15നും 18നും ഇടയിലുള്ള ഒരു ദിവസമായിരിക്കും സൗഹൃദ ഫുട്‌ബോള്‍ പോരാട്ടം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും മല്‍സരം. ഓസ്‌ട്രേലിയ ടീമായിരിക്കും മെസിക്കും സംഘത്തിനുമെതിരെ പോരാടുക എന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍. മല്‍സരം സംബന്ധിച്ചു ഓസ്‌ട്രേലിയ ടീമും സ്‌പോണ്‍സറും തമ്മില്‍ കരട് കൈമാറിയതായും സ്ഥിരീകരണമുണ്ട്.
ഓസ്‌ട്രേലിയയും അര്‍ജന്റീനയും ഖത്തര്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അര്‍ജന്റീന ആവേശകരമായ വിജയം നേടി. ലയണല്‍ മെസ്സിയുടെ മനോഹരമായ ഗോളും ജൂലിയന്‍ അല്‍വാരസിന്റെ ഗോളും അര്‍ജന്റീനയ്ക്ക് നിര്‍ണ്ണായകമായി. കളിയവസാനിക്കാന്‍ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഒരു മറുപടി ഗോളും പിറന്നു.