ഇന്ത്യാ സന്ദര്‍ശനത്തിലെ നിമിഷങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ച് മെസി; 'നമസ്‌തേ ഇന്ത്യ, സ്‌നേഹത്തിനും ആതിഥേയത്വത്തിനും നന്ദി'

Update: 2025-12-17 07:11 GMT

ന്യൂഡല്‍ഹി: ഗോട്ട് ടൂര്‍ 2025 എന്ന പേരില്‍ മൂന്നു ദിവസത്തെ പര്യടനത്തിനു പിന്നാലെ ഇന്ത്യക്കാര്‍ക്ക് നന്ദിയറിയിച്ച് അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി. പര്യടനത്തിലുടനീളം ഇന്ത്യക്കാര്‍ നല്‍കിയ സ്നേഹത്തിനും ആതിഥേയത്വത്തിനും നന്ദിയറിയിച്ചുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചു. ഇന്ത്യന്‍ ഫുട്ബോളിന് ശോഭനമായ ഒരു ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയും മെസി പങ്കുവച്ചു. പര്യടനത്തിനിടയിലെ ഇന്ത്യയിലെ ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോയും പങ്കുവച്ചു.

'നമസ്തേ ഇന്ത്യ! ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ അവിസ്മരണീയമായിരുന്നു. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിനും മികച്ച ആതിഥേയത്വത്തിനും എന്റെ ടൂറിലുടനീളം നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും നന്ദി. ഇന്ത്യന്‍ ഫുട്ബോളിന് ശോഭനമായ ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' - മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗോട്ട് ടൂര്‍ ഇന്ത്യയുടെ മുഖ്യ സംഘാടകന്‍ സതാദ്രു ദത്തയുടെ പേരും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ലഭിച്ച സ്നേഹവും സഹകരണവും മനോഹരമായിരുന്നെന്ന് കഴിഞ്ഞ ദിവസവും മെസി പറഞ്ഞിരുന്നു. ഇന്ത്യക്കാര്‍ക്ക് തന്നെ ഇഷ്ടമാണെന്ന കാര്യമറിയാമായിരുന്നു. എന്നാല്‍ അത് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമായി. ഇനിയും ഇന്ത്യയിലെത്തുമെന്നും മെസി സ്പാനിഷ് ഭാഷയില്‍ വ്യക്തമാക്കി.


Tags: