മെസിയും സുവാരസും ചേര്‍ന്ന് പുതിയ ഫുട്‌ബോള്‍ ക്ലബ്ബ്; 'ഡിപ്പോര്‍ട്ടീവോ എല്‍എസ്എം'
മയാമി: ഒറ്റുസുഹൃത്തുക്കളായ ലയണല്‍ മെസിയും ലൂയിസ് സുവാരസും ചേര്‍ന്ന് പുതിയ ഫുട്‌ബോള്‍ ക്ലബ്ബിന് തുടക്കമിട്ടു. അര്‍ജന്റീനന്‍ ഇതിഹാസവും ഉറുഗ്വെ മുന്‍ സൂപ്പര്‍ താരവും നിലവില്‍ അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിയ്ക്കായാണ് കളിക്കുന്നത്. ലൂയിസ് സുവാരസും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം കൊടുത്ത ക്ലബ്ബില്‍ മെസിയും പാര്‍ടണറാവുകയായിരുന്നു. ഡിപ്പോര്‍ട്ടീവോ എല്‍എസ്എം എന്നാണ് ക്ലബ്ബിന്റെ പേര്. നിലവില്‍ ഉറുഗ്വെ നാലാം ഡിവിഷനില്‍ ആണ് ക്ലബ്ബ് കളിക്കുക.
മുന്‍ ഉറുഗ്വെ താരവും കോച്ചുമായ അല്‍വാരോ റെക്കോബായാണ് ക്ലബ്ബിന്റെ കോച്ച്. 2018മുതല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഈ വര്‍ഷമാണ് പ്രഫഷണല്‍ ഫുട്‌ബോള്‍ രംഗത്തേക്ക് കടന്നുവന്നത്. കഴിഞ്ഞ ദിവസമാണ് മെസിയും ക്ലബ്ബിന്റെ പ്രധാന പാര്‍ടണര്‍ ആണെന്ന് ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്. ലൂയിസ് സുവാരസിന്റെ എല്ലും എസ്സും മെസിയുടെ എമ്മും ചേര്‍ന്നാണ് എല്‍എസ്എം എന്ന ക്ലബ്ബിന് പേരിട്ടിരിക്കുന്നത്. ബാഴ്‌സലോണയ്ക്കായി കളിക്കുന്ന കാലത്താണ് സുവാരസും മെസിയും ചേര്‍ന്നുള്ള സുഹൃത്ത് ബന്ധം തുടര്‍ന്നത്. കഴിഞ്ഞ വര്‍ഷമാണ് സുവാരസ് ഇന്റര്‍മയാമിയിലെത്തുന്നത്.