എംബാപ്പെയുടെ പരിക്ക്; റയല്‍ മാഡ്രിഡിന് ഗുരുതര വീഴ്ച, ഇടതുകാലിന് പരിക്കേറ്റു, എംആര്‍ഐ സ്‌കാന്‍ ചെയ്തത് വലതുകാലില്‍
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതില്‍ റയല്‍ മാഡ്രിഡ് മെഡിക്കല്‍ ടീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപോര്‍ട്ട്. എംബാപ്പെയുടെ ഇടതുകാലിലെ മുട്ടിന് പരിക്കേറ്റപ്പോള്‍ മെഡിക്കല്‍ സംഘം എംആര്‍ഐ സ്‌കാന്‍ നടത്തിയത് വലതുകാലിലായിരുന്നുവെന്ന് പ്രമുഖ കായിക മാധ്യമമായ 'ദി അത്‌ലറ്റിക്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ ഏഴിന് സെല്‍റ്റ വിഗോയ്ക്കെതിരായ മല്‍സരത്തിനിടെയാണ് എംബാപ്പെയുടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റത്. എന്നാല്‍ പരിശോധനയില്‍ മെഡിക്കല്‍ സംഘത്തിന് പിഴവ് പറ്റി. പരിക്കില്ലാത്ത വലതുകാലില്‍ സ്‌കാന്‍ ചെയ്തതോടെ കുഴപ്പമൊന്നുമില്ലെന്ന നിഗമനത്തില്‍ താരത്തെ തുടര്‍ന്നും കളിക്കാന്‍ അനുവദിക്കുകയായിരുന്നു.
ശരിയായ രോഗനിര്‍ണ്ണയം വൈകിയതോടെ പരിക്കേറ്റ കാല്‍മുട്ടുമായി എംബാപ്പെ മൂന്ന് മല്‍സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കി. ഈ പരിക്കുമായി കളിക്കുമ്പോഴാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 59 ഗോളുകള്‍ എന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബ് റെക്കോര്‍ഡിനൊപ്പം എംബാപ്പെ എത്തിയത്. പിന്നീട് നടത്തിയ കൃത്യമായ പരിശോധനയിലാണ് ഇടതുകാലിലെ ലിഗമെന്റിന് ഭാഗികമായി തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയത്.
ഡിസംബര്‍ 31-നാണ് റയല്‍ മാഡ്രിഡ് താരത്തിന് പരിക്ക് ഉള്ളതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപ്പോഴും ലിഗമെന്റിന് ഏറ്റ ക്ഷതത്തെ വെറും നീര്‍ക്കെട്ട് എന്നാണ് ക്ലബ്ബ് വിശേഷിപ്പിച്ചത്. തുടര്‍ന്ന് ജനുവരിയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിയില്‍ എംബാപ്പെ കളിച്ചില്ലെങ്കിലും ബാഴ്‌സലോണക്കെതിരായ ഫൈനലില്‍ പകരക്കാരനായി ഇറങ്ങിയിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ സൗകര്യങ്ങളുള്ള ക്ലബ്ബുകളിലൊന്നായ റയല്‍ മാഡ്രിഡിന് ഇത്തരം ഒരു പിഴവ് സംഭവിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
