പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി; തീപാറും പോരാട്ടത്തിന് ഓള്‍ഡ്ട്രാഫോര്‍ഡ്
ഓള്‍ഡ്ട്രാഫോര്‍ഡ്: മാഞ്ചസ്റ്റററിലെ ഓള്‍ഡ്ട്രാഫോര്‍ഡ് പുല്‍മൈതാനത്തിന് ഇന്ന് തീപിടിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷത്തെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്കായി മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും വൈകുന്നേരം ആറിന് നേര്‍ക്കുനേര്‍ എത്തും. ലീഗില്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്. 43 പോയിന്റുള്ള സിറ്റി രണ്ടും 32 പോയിന്റുള്ള യുണൈറ്റഡ് ഏഴും സ്ഥാനത്താണിപ്പോള്‍. അതിനാല്‍ തന്നെ ഈ മത്സരം വിജയിച്ച് പട്ടികയില്‍ തങ്ങളുടെ സ്ഥാനം ഭദ്രമാക്കുക എന്നതായിരിക്കും സിറ്റിയുടെ ലക്ഷ്യം. മുന്‍ യുണൈറ്റഡ് ക്യാപ്റ്റനും ടീമിന്റെ പുതിയ കോച്ചുമായ മൈക്കല്‍ കാരിക്ക് ആയിരിക്കും ഇന്ന് ഓള്‍ഡ് ട്രഫോര്‍ഡിലെ ശ്രദ്ധാകേന്ദ്രം.
റൂബന്‍ അമോറിം പുറത്തായതിന് ശേഷം പുതിയ പരിശീലകനായി നിയമിതനായ കാരിക്കിന് കീഴിലെ ആദ്യമത്സരമാണിത്. സിറ്റിക്കെതിരെ സ്വന്തം തട്ടകത്തിലാണ് ഇറങ്ങുന്നതെങ്കിലും ഇതുവരെയുള്ള കളിമികവ് വെച്ച് യുണൈറ്റഡിന് വിജയവഴിയിലേക്ക് എത്താന്‍ ആകില്ല. ഹെര്‍ലിങ് ഹാലന്റ്, അന്റോണിയോ സെമന്യോ, ഫില്‍ ഫോഡന്‍, ബെര്‍ണാഡോ സില്‍വ, റോഡ്രി എന്നിവര്‍ പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങളുമായി കളത്തിലിറങ്ങുമ്പോള്‍ യുണൈറ്റഡിനൊപ്പം ഏറെ നാളായി തുടരുന്ന മൈക്കല്‍ കാരിക്കിന്റെ തന്ത്രങ്ങള്‍ എന്താണെന്ന് അറിയാനായിരിക്കും സോക്കര്‍ ആരാധകരുടെ ആകാംഷ. ബ്രസീല്‍ താരം മാത്തേവൂസ് കുന്‍ഹ, ബെഞ്ചമിന്‍ സെസ്‌കോ, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ സിറ്റിയെ പിടിച്ചു കെട്ടാനാകും.
