യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്; രാജകീയമായി റയല്‍മാഡ്രിഡ് ക്വാര്‍ട്ടറില്‍
ഇത്തിഹാദ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിന്നും മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്. പ്രീ ക്വാര്‍ട്ടറിലെ രണ്ടാം പാദ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത്. ആദ്യ പാദ മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച റയല്‍ രണ്ടാം പാദത്തിലും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആധിപത്യം നിലനിര്‍ത്തി. 5-1 എന്ന മികച്ച അഗ്രിഗേറ്റ് സ്‌കോറുമായാണ് റയല്‍ അടുത്ത റൗണ്ടിലേക്ക് കുതിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദില്‍ നടന്ന മല്‍സരത്തില്‍ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോള്‍ മികവിലാണ് റയല്‍ വിജയിച്ചു കയറിയത്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തം നടത്തുന്ന രണ്ടാമത്തെ താരം കൂടിയാണ് വിനീഷ്യസ് ജൂനിയര്‍.
നാല് വീതം ഗോളുകളും അസിസ്റ്റുകളുമാണ് വിനീഷ്യസ് സിറ്റിക്കെതിരെ നേടിയിട്ടുള്ളത്. വിനീഷ്യസ് തന്റെ കരിയറില്‍ ഏറ്റവുമധികം ഗോള്‍ കോണ്‍ട്രിബ്യുഷന്‍സ് നടത്തുന്ന ടീമും സിറ്റി തന്നെയാണ്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് ഒന്നാമതുള്ളത്. ചാംപ്യന്‍സ് ലീഗില്‍ ഒമ്പത് ഗോള്‍ പങ്കാളിത്തമാണ് മെസി മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടത്തിയിട്ടുള്ളത്.
അതേസമയം മല്‍സരത്തില്‍ സിറ്റിക്കായി ഏക ഗോള്‍ സ്വന്തമാക്കിയത് എര്‍ലിങ് ഹാലണ്ട് ആണ്. മല്‍സരം തുടങ്ങി 20 മിനിറ്റ് ആയപ്പോള്‍ തന്നെ സിറ്റി താരം ബെര്‍ണാഡോ സില്‍വ ചുവപ്പ് കാര്‍ഡ് പുറത്തായിരുന്നു. ബാക്കിയുള്ള നിമിഷങ്ങളില്‍ 10 പേരുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി കളിച്ചിരുന്നത്.
അതേസമയം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആദ്യ പാദ മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ഫെഡറിക്കോ വാല്‍വെര്‍ദെയുടെ ഹാട്രിക് കരുത്തിലാണ് റയലിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്റെ വാല്‍വെര്‍ദെ മൂന്ന് ഗോളുകള്‍ സിറ്റിയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടി. മല്‍സരത്തിന്റെ 20, 27, 42 എന്നീ മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍ പിറന്നത്.
