ലിസ്ബണിലെ റൊണാള്‍ഡോ പ്രതിമക്ക് തീവച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയില്‍
ലിസ്ബണ്‍ : പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വെങ്കല പ്രതിമ തീവച്ച് നശിപ്പിച്ച സംഭവത്തില്‍ പോര്‍ച്ചുഗലില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. റൊണാള്‍ഡോയുടെ ജന്മനാടായ ഫഞ്ചലിലെ റൊണാള്‍ഡോ മ്യൂസിയത്തിന് സമീപമുള്ള പ്രതിമയാണ് അക്രമി നശിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.
'zaino.tcc.filipe എന്ന പ്രൊഫൈലില്‍ നിന്നാണ് ഇതിന്റെ വീഡിയോ പങ്കുവെക്കപ്പെട്ടത്. 'ദൈവത്തിന്റെ അവസാന താക്കീത്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയില്‍, ഒരാള്‍ റൊണാള്‍ഡോയുടെ പ്രതിമയ്ക്ക് മുകളില്‍ പെട്ടെന്ന് തീപിടിക്കുന്ന ദ്രാവകം ഒഴിക്കുന്നതും തുടര്‍ന്ന് തീ കൊളുത്തുന്നതും കാണാം. പ്രതിമ കത്തിയെരിയുമ്പോള്‍ ഇയാള്‍ റാപ്പ് മ്യൂസിക്കിനൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്.
ലോകമെമ്പാടുമുള്ള റൊണാള്‍ഡോ ആരാധകര്‍ക്കിടയില്‍ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രശസ്തിക്ക് വേണ്ടി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതിനെതിരെ വലിയ വിമര്‍ശനമാണ് ഫുട്‌ബോള്‍ ലോകത്തു നിന്ന് ഉയരുന്നത്. സംഭവത്തെക്കുറിച്ച് പോര്‍ച്ചുഗീസ് പബ്ലിക് സെക്യൂരിറ്റി പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാള്‍ ഇതിനുമുമ്പും സമാനമായ അതിക്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി.
