മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡ്; സിറ്റി വീണു
നിലവിലെ ചാംപ്യന്മാരായ സിറ്റി ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാളും 14 പോയിന്റിന് പിറകിലാണ്.
ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരാട്ടത്തില്‍ യുനൈറ്റഡിന് ജയം. പ്രീമിയര്‍ ലീഗില്‍ 2-1നാണ് സിറ്റിയുടെ കിരീട പ്രതീക്ഷകളെ തല്ലിക്കെടുത്തി മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സോള്‍ഷ്യറുടെ ചെമ്പട വിജയം ആഘോഷിച്ചത്. മൂന്നാം സ്ഥാനത്തുള്ള സിറ്റിയുടെ ഒന്നാം സ്ഥാനത്തേക്കുള്ള പ്രയാണത്തിനാണ് യുനൈറ്റഡ് ബ്ലോക്കിട്ടത്.
ജയത്തോടെ യുനൈറ്റഡ് ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി. 23ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു യുനൈറ്റഡ് മുന്നിലെത്തിയത്. മാര്‍ക്കസ് റാഷ്ഫോഡാണ് യുനൈറ്റഡിനായി പെനാല്‍റ്റിയെടുത്തത്. 29ാം മിനിറ്റില്‍ മാര്‍ഷ്യലിലൂടെ യുനൈറ്റഡ് ലീഡ് വര്‍ദ്ധിപ്പിച്ചു. ജെയിംസിന്റെ പാസില്‍ നിന്നും വന്ന പന്ത് മാര്‍ഷ്യല്‍ ഇടം കാലിലൂടെ ഫിനിഷ് ചെയ്യുകയായിരുന്നു. 85ാം മിനിറ്റില്‍ ഒറ്റമെന്ഡിയിലൂടെ സിറ്റി ഒരു ഗോള്‍ തിരിച്ചടിച്ചു.
തുടര്‍ന്ന് സമനില ഗോളിനായി സിറ്റി പൊരുതിയെങ്കിലും വമ്പന്‍ ഫോമിലുള്ള യുനൈറ്റഡിനെ തളയ്ക്കാനായില്ല. നിലവിലെ ചാംപ്യന്മാരായ സിറ്റി ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാളും 14 പോയിന്റിന് പിറകിലാണ്. ലിവര്‍പൂളിന് 46 പോയിന്റാണുള്ളത്. സിറ്റിക്ക് 32 പോയിന്റും. 35 പോയിന്റുമായി ലെസ്റ്ററാണ് രണ്ടാം സ്ഥാനത്ത്.