ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് വമ്പന്‍ ജയം, റയല്‍ വീണു, സിറ്റിയും ബാഴ്‌സയും മുന്നോട്ട്

Update: 2026-01-29 07:34 GMT

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനു മിന്നും ജയം. ഖരബാഗിനെതിരെ നടന്ന മല്‍സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകളുടെ വമ്പന്‍ വിജയമാണ് റെഡ്സ് സ്വന്തമാക്കിയത്. അലക്‌സിസ് മക്അലിസ്റ്റര്‍ ഇരട്ടഗോള്‍ നേടിയ മല്‍സരത്തില്‍ സലാഹ്, വിര്‍ട്സ്, എകിറ്റികെ, കിയെസ എന്നിവര്‍ കൂടി വലകുലുക്കി. തകര്‍പ്പന്‍ വിജയത്തോടെ 18 പോയിന്റുമായി ലിവര്‍പൂള്‍ അവസാന 16ലേക്ക് മുന്നേറി.

ക്യാപ്നൗവില്‍ കോപ്പന്‍ഹേഗനെതിരെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം ബാഴ്സലോണ സ്വന്തമാക്കി. മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ വിക്ടര്‍ ഡാഡാസണിലൂടെ കോപ്പന്‍ഹേഗനായിരുന്നു മുന്നിലെത്തിയത്. ബാഴ്സക്കായി റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ലമീന്‍ യമാല്‍, റാഫീഞ്ഞ, മാര്‍കസ് റാഷ്ഫോര്‍ഡ് എന്നിവര്‍ ഗോളുകള്‍ നേടി. വിജയത്തോടെ ബാഴ്സലോണ അവസാന 16ലേക്ക് മുന്നേറി.

അതേസമയം ന്യൂകാസിലും പിഎസ്ജിയും തമ്മിലുള്ള മല്‍സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോളുകളടിച്ച് കളി അവസാനിപ്പിക്കുകയായിരുന്നു. പിഎസ്ജിക്ക് വേണ്ടി വിറ്റീഞ്ഞയും ന്യൂകാസിലിന് വേണ്ടി ജോ വില്ലോക്കും ഗോളടിച്ചു. ഇതോടെ നിലവിലെ ചാംപ്യന്മാരായ പിഎസ്ജിക്ക് നേരിട്ട് അവസാന 16ലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല.

സമനിലയില്‍ പിരിഞ്ഞതോടെ ഇരുടീമുകളും 14 പോയിന്റുകളുമായി 11, 12 സ്ഥാനങ്ങളിലാണ്. ലീഗില്‍ മുന്നേറണമെങ്കില്‍ ഇനി പിഎസ്ജിക്കും ന്യൂകാസിലിനും പ്ലേ ഓഫ് കളിക്കണം. ആഴ്സണല്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കൈറത് അല്‍മാറ്റിയെ പരാജയപ്പെടുത്തി. കലാഫിയോരി, ഹാവെര്‍ട്സ്, മാര്‍ട്ടിനെല്ലി എന്നിവര്‍ ഗണ്ണേഴ്സിനായി വലകുലുക്കി.

മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്ക. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് കരുത്തരെ ബെന്‍ഫിക്ക തോല്‍പ്പിച്ചത്. റയല്‍ മാഡ്രിഡിന്റെ മുന്‍ പരിശീലകനായ ജോസ് മൗറീഞ്ഞോയാണ് നിലവില്‍ ബെന്‍ഫിക്കയ്ക്ക് പരിശീലകന്‍. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് റയലുള്ളത്. എട്ട് മല്‍സരത്തില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയുമടക്കം 15 പോയിന്റാണ് റയലിനുള്ളത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരോടെല്ലാം റയല്‍ കഴിഞ്ഞ മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു.

ലീഗ് അവസാന 16ലേക്ക് നേരിട്ടു യോഗ്യത നേടിയ എട്ടു ടീമുകളില്‍ അഞ്ചെണ്ണവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നാണ്. ഒന്നാമതായി ആഴ്സണലും മൂന്നാമതായി ലിവര്‍പൂള്‍, നാലാമതായി ടോട്ടന്‍ഹാം, ആറാമതായി ചെല്‍സി, എട്ടാമതായി മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരാണ് യോഗ്യത ലഭിച്ച പ്രീമിയര്‍ ലീഗ് ടീമുകള്‍. ബയേണ്‍ മ്യൂണിക്ക്, ബാഴ്സലോണ, സ്‌പോര്‍ട്ടിങ് സി.പി എന്നിവരാണ് നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യത നേടിയ മറ്റുള്ളവര്‍.





Tags: