'സ്വന്തം പ്രവര്‍ത്തിയുടെ ഫലമാണ് ലിവര്‍പൂള്‍ താരം സല അനുഭവിക്കുന്നത്'; സഹതാരം ആലിസണ്‍ ബെക്കര്‍

Update: 2025-12-10 06:12 GMT

ആന്‍ഫീല്‍ഡ്: പരിശീലകനെതിരായ വിമര്‍ശനത്തിന് പിന്നാലെ, ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുഹമ്മദ് സലയെ കയ്യൊഴിഞ്ഞ് ലിവര്‍പൂളിലെ സഹതാരം ആലിസണ്‍ ബെക്കര്‍. സ്വന്തം പ്രവര്‍ത്തിയുടെ ഫലമാണ് സല ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍. അതേസമയം ലിവര്‍പൂള്‍ ജിമ്മില്‍ ഒറ്റയ്ക്ക് വ്യായാമം നടത്തുന്ന ചിത്രങ്ങള്‍ സല സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തിനു ശേഷം നല്‍കിയ അഭിമുഖത്തില്‍ 'ക്ലബ്ബ് തന്നെ ബലിയാടാക്കിയെന്നും കോച്ചുമായുള്ള ബന്ധം പഴയതുപോലെ ആകുമോയെന്ന് അറിയില്ലന്നും 33കാരനായ സലാ പ്രതികരിച്ചിരുന്നു. പിന്നാലെ ഇന്റര്‍ മിലാനെതിരായ ചാംപ്യന്‍സ് ലീഗ് മത്സരത്തനുള്ള 19 അംഗ ടീമില്‍നിന്ന് സലയെ ഒഴിവാക്കി. സ്വന്തം പ്രവര്‍ത്തിയുടെ ഫലമാണ് സല അനുഭവിക്കുന്നതെന്ന് പറഞ്ഞ ആലിസണ്‍, സല ടീമില്‍ മടങ്ങിയെത്തുമെന്ന ശുഭപ്രതീക്ഷയും പങ്കുവച്ചു.

സലായുടെ സമീപകാല പെരുമാറ്റം ക്ലബ്ബിലെ അദ്ദേഹത്തിന്റെ കാലം അവസാനിച്ചുവെന്നതിന്റെ സൂചനയല്ലെന്ന് കോച്ച് ആര്‍നെ സ്ലോട്ട് പറഞ്ഞു. ഒരു കളിക്കാരന് തിരിച്ചുവരാന്‍ എപ്പോഴും സാധ്യതയുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും സ്ലോട്ട്. ലിവര്‍പൂളിനായി എട്ടു വര്‍ഷത്തിനിടെ 250 ഗോളുകള്‍ നേടുകയും രണ്ടു പ്രീമിയര്‍ ലീഗ്, ഒരു ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടുകയും ചെയ്ത താരമാണ് സലാ. ജനുവരിയില്‍ താരകൈമാറ്റ ജാലകം തുറക്കുന്നതിനു മുന്‍പായി, ഈ മാസം നടക്കുന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ടൂര്‍ണമെന്റിനായി സലാ ഈജിപ്ത് ടീമിനൊപ്പം ചേരും.




Tags: