പാരീസ് : ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിന് തോല്‍വി. നിലവിലെ ചാംപ്യന്മാരായ പിഎസ്ജിയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആര്‍നെ സ്ലോട്ടും സംഘവും കീഴടങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിയോട് എഫ് എ കപ്പിലേറ്റ പ്രഹരത്തിന് പിന്നാലെ പാരീസിലും തോല്‍വി വഴങ്ങിയതോടെ ലിവര്‍പൂളിന്റെ സീസണ്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. പ്രതിരോധം ശക്തമാക്കാനായി സ്ലോട്ട് പരീക്ഷിച്ച 3-4-2-1 ഫോര്‍മേഷന്‍ തീര്‍ത്തും പരാജയപ്പെടുന്ന കാഴ്ചയാണ് പാര്‍ക് ഡെ പ്രിന്‍സസില്‍ കണ്ടത്.
കളി തുടങ്ങി 11-ാം മിനിറ്റില്‍ തന്നെ പിഎസ്ജി വലകുലുക്കി. ലിവര്‍പൂള്‍ പ്രതിരോധ നിരയുടെ സാന്നിധ്യത്തിലും ഡിസൈര്‍ ഡൂ ആണ് പാരീസ് നിരയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിര്‍ക്കാന്‍ കഴിയാത്ത വിധം ലിവര്‍പൂള്‍ നിഷ്പ്രഭമായിരുന്നു. രണ്ടാം പകുതിയില്‍ ക്വിച്ച ക്വാറത്സെലിയ പിഎസ്ജിയുടെ രണ്ടാം ഗോളും കണ്ടെത്തി. ജോവാ നീവ്‌സിന്റെ തകര്‍പ്പന്‍ പാസിനൊടുവില്‍ ലിവര്‍പൂള്‍ ഗോളി മാമര്‍ദാഷ് വില്ലിയെ മറികടന്നാണ് ക്വാറത്സെലിയ ലക്ഷ്യം കണ്ടത്. പ്രതിരോധം ശക്തമാക്കി കളിച്ചിട്ടും പിഎസ്ജിയുടെ ആക്രമണത്തെ തടയാന്‍ ലിവര്‍പൂളിനായില്ല.
ഗോളുകള്‍ മടക്കാനും ആക്രമിച്ച് കളിക്കാത്തതും സ്ലോട്ടിന് തലവേദനയായി. മല്‍സരത്തിന്റെ അവസാന മിനിറ്റുകളില്‍ പിഎസ്ജിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതെ ലിവര്‍പൂള്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. ഗോള്‍കീപ്പര്‍ മാമര്‍ദാഷ് വില്ലിയുടെ രക്ഷപ്പെടുത്തലുകളും നിര്‍ണ്ണായകമായി.