ലിവര്‍പൂള്‍ ഇതിഹാസം കെന്നി ഡാല്‍ഗ്ലിഷിനും കൊവിഡ്
69 കാരനായ അദ്ദേഹമിപ്പോള്‍ ചികില്‍സയിലാണെന്നും എത്രയുംവേഗം വീട്ടിലേക്ക് മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ ആന്റിബയോട്ടിക് നല്‍കിവരികയാണ്.
ലണ്ടന്‍: കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയില്‍ പേരുകേട്ട ലിവര്‍പൂള്‍ ഫുട്‌ബോള്‍ ഇതിഹാസതാരം സര്‍ കെന്നി ഡാല്‍ഗ്ലിഷിനും കൊവിഡ് ബാധ സ്ഥിരീകരിച്ചു. അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധനകള്‍ക്ക് വിധേയനായപ്പോഴാണ് ഡാല്‍ഗ്ലിഷിന് കൊവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. 69 കാരനായ അദ്ദേഹമിപ്പോള്‍ ചികില്‍സയിലാണെന്നും എത്രയുംവേഗം വീട്ടിലേക്ക് മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ ആന്റിബയോട്ടിക് നല്‍കിവരികയാണ്.
ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് മെഡിക്കല്‍ സംഘം അറിയിക്കുന്നത്. കെന്നിക്ക് യാതൊരുവിധ അസ്വസ്ഥതയോ രോഗലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍, പരിശോധന നടത്തുന്നതിനിടയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്കും ദേശീയ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ഡാല്‍ഗ്ലിഷ് നന്ദി അറിയിച്ചു. ഇത്രയും കടുത്ത പ്രതിസന്ധി ഘട്ടത്തിലും അവര്‍ രാജ്യത്തിനുവേണ്ടി പോരാടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലിവര്‍പൂളിനായി 500ലേറെ മല്‍സരങ്ങള്‍ കളിച്ച ഡാല്‍ഗ്ലിഷ് സ്‌കോട്ലന്‍ഡിനായും നിരവധി മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. സെല്‍റ്റിക്കില്‍നിന്നും ലിവര്‍പൂളിലെത്തിയശേഷം ടീമിനൊപ്പം ആറുതവണ ഇംഗ്ലീഷ് ലീഗ് കപ്പില്‍ കിരീടം ചൂടി.
കൂടാതെ മൂന്നുതവണ എഫ്എ കപ്പ്, മൂന്നുതവണ യൂറോപ്യന്‍ കപ്പിലും പങ്കാളിയായി. പരിശീലകനെന്ന നിലയിലും അത്ഭുതകരമായ നേട്ടങ്ങളാണ് കെന്നി നേടിയെടുത്തത്. ലിവര്‍പൂളിന്റെ പരിശീലകനായ കാലഘട്ടത്തില്‍ മൂന്ന് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ 11 കിരീടങ്ങളാണ് നേടിക്കൊടുത്തത്. കൂടാതെ ബ്ലാക്ക് ബേണ്‍ പരിശീലകനയിരുന്ന കാലത്ത് 1994-95 സീസണില്‍ ടീമിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കിയും കെന്നി അത്ഭുതം കാട്ടിയിട്ടുണ്ട്. 1977ലാണ് ലിവര്‍പൂളിലെത്തുന്നത്. 13 വര്‍ഷം ലിവര്‍പൂളിന് കളിച്ചപ്പോള്‍ 515 കളികളില്‍നിന്നും 172 ഗോളുകള്‍ നേടി. സ്‌കോട്ട്ലന്‍ഡിനായി 100 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ചു.
