ഗോള്‍ വഴങ്ങിയ ഗോള്‍ കീപ്പര്‍മാര്‍ക്ക് ബിയര്‍ ഓഫര്‍ ചെയ്ത് മെസ്സി
മുന്‍ വലന്‍സിയ ഗോള്‍ കീപ്പര്‍ ഡീഗോ ആല്‍വ്‌സാണ് മെസ്സിയുടെ ഗോളുകള്‍ ഏറ്റവും കൂടതല്‍ തവണ വഴങ്ങിയത്.
ക്യാംപ് നൗ: ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടി പെലെയുടെ റെക്കോഡ് തകര്‍ത്ത് ചരിത്ര നേട്ടം കുറിച്ച ലയണല്‍ മെസ്സി തന്റെ നേട്ടം ആഘോഷിക്കുന്നത് വ്യത്യസ്ത തരത്തിലാണ്. തന്റെ ഗോളുകള്‍ വഴങ്ങിയ ഗോള്‍ കീപ്പര്‍മാര്‍ക്ക് മെസ്സി ഓഫര്‍ ചെയ്തതത് ബിയറാണ്. മെസ്സിയും ബഡ്‌വിസെര്‍ എന്ന ബിയര്‍ കമ്പനിയും ചേര്‍ന്ന് മെസ്സി എന്ന ബ്രാന്റില്‍ ഒരു ബിയര്‍ പുറത്തിറക്കിയിരിക്കുയാണ്. ലിമിറ്റഡ് പീരീഡിലേക്കാണ് ഈ ബ്രാന്റ്. ഒരു ഗോളിന് ഒരു ബിയര്‍ ബോട്ടില്‍ എന്ന നിലയ്ക്കാണ് ഗോള്‍ കീപ്പര്‍മാര്‍ക്ക് ബിയര്‍ നല്‍കിയത്. മുന്‍ വലന്‍സിയ ഗോള്‍ കീപ്പര്‍ ഡീഗോ ആല്‍വ്‌സാണ് മെസ്സിയുടെ ഗോളുകള്‍ ഏറ്റവും കൂടതല്‍ തവണ വഴങ്ങിയത്. 19 ഗോളാണ് ആല്‍വസ് വഴങ്ങിയത്. ആല്‍വ്‌സിന് ലഭിച്ചത് 19 ബിയറുകളാണ്. റയല്‍ മാഡ്രിഡിന്റെ മുന്‍ ഗോള്‍ കീപ്പര്‍ ഐക്കര്‍ കസിയസ് വഴങ്ങിയത് 17 ഗോളുകളാണ്. ഒബ്ലക്ക് ഒമ്പത് ഗോള്‍ വഴങ്ങിയപ്പോള്‍ മുന്‍ യുവന്റസ് ഗോള്‍ കീപ്പര്‍ ബഫണ്‍ രണ്ട് ഗോളാണ് വഴങ്ങിയത്. ഗോള്‍ കീപ്പര്‍മാര്‍ തങ്ങള്‍ക്ക് ലഭിച്ച ബിയറുകള്‍ക്ക് മെസ്സിയോട് നന്ദി പറഞ്ഞു. താന്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യാന്‍ ഒബ്ലക്കാണെന്നും മെസ്സി വ്യക്തമാക്കി.
സ്പാനിഷ് ലീഗിലെ കഴിഞ്ഞ മല്‍സരത്തിലാണ് മെസ്സി ബാഴ്‌സലോണയ്ക്കായി 644 ഗോള്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. സാന്റോസിനായി പെലെ നേടിയ 643 ഗോള്‍ എന്ന റെക്കോഡാണ് മെസ്സി തകര്‍ത്തത്.