മയാമി: 2023 മുതല്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍മയാമിയുടെ താരമാണ് ലയണല്‍ മെസി . 38കാരനായ മെസി ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇന്റര്‍ മയാമിയുമായി 2028 വരെ കരാര്‍ പുതുക്കിയിരുന്നു. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിച്ചേക്കാമെന്നും ക്ലബ്ബ് അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൂപ്പര്‍ താരം ലയണല്‍ മെസി തുര്‍ക്കിഷ് ക്ലബ് ഗലാറ്റസരെയുമായി ചര്‍ച്ചകള്‍ നടത്തുന്നതായാണ് പുതിയ റിപോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. തുര്‍ക്കിഷ് മാധ്യമം റിപോര്‍ട്ട് ചെയ്തതനുസരിച്ച് മെസി ഗലാറ്റസരെക്കായി എവേ മല്‍സരങ്ങള്‍ കളിക്കാന്‍ തയ്യാറല്ല. ഈ സീസണില്‍ ഇനി അവസാനിക്കുന്ന 12 ഹോം മല്‍സരങ്ങളില്‍ കളിപ്പിക്കുന്നതിനാണ് മെസിയുമായി തുര്‍ക്കി ക്ലബ്ബ് ചര്‍ച്ചകള്‍ തുടരുന്നത്. കഴിഞ്ഞ ഒക്ടോബറിലും മെസിയെ സ്വന്തമാക്കാന്‍ ഗലാറ്റസരെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അന്ന് ക്ലബ്ബ് പ്രസിഡന്റ് ദര്‍സന്‍ ഒസ്‌ബെക്ക് പറഞ്ഞ വാക്കുകള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു.
'സ്വപ്നം കാണാതെ ജീവിക്കാനാകില്ല, മെസി ഗലാറ്റസരെ ജഴ്‌സിയണിയുന്നത് നമുക്ക് ഒരിക്കലെങ്കിലും കാണാനാകുമോ? നമ്മുടെ പ്രതീക്ഷകള്‍ വാനോളമാണ്, മെസിയുമായി ഒരു പ്രശ്‌നവുമില്ലാതെ സംസാരിക്കാന്‍ നമ്മുടെ സാമ്പത്തിക സാഹചര്യം നമ്മളെ അനുവദിക്കുന്നുണ്ട്, വിജയകരമായി സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താന്‍ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്, അതുകൊണ്ട് മെസിയെ കൊണ്ട് വരുന്നില്ലേ എന്ന് ക്ലബ്ബിനോട് മടിയില്ലാതെ ചോദിക്കാന്‍ ആളുകള്‍ക്ക് കഴിയുന്നത്' - ഇതായിരുന്നു അന്ന് ഗലാറ്റസരെ ക്ലബ്ബ് പ്രസിഡന്റ് പറഞ്ഞ വാക്കുകള്‍.നിലവില്‍ തുര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഗലാറ്റസരെ. രണ്ടാം സ്ഥാനത്തുള്ള ഫെനര്‍ബാഷെയുമായി മൂന്ന് പോയിന്റ് വ്യത്യാസമാണ് ഗലാറ്റസരെക്കുള്ളത്.
