ഫുട്‌ബോള്‍ ക്ലബ്ബ് ഉടമയായി ലയണല്‍ മെസ്സി, സ്പാനിഷ് ക്ലബ്ബ് 'യുഇ കോര്‍ണെല്ല'യെ സ്വന്തമാക്കി
ക്യാംപ് നൗ: ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഫുട്‌ബോള്‍ ക്ലബ് ഉടമസ്ഥാവകാശ രംഗത്തേക്ക് ചുവടുവെക്കുന്നു. സ്‌പെയിനിലെ അഞ്ചാം ഡിവിഷന്‍ ലീഗായ 'ടെര്‍സെറ ആര്‍എഫ്ഇഎഫില്‍' കളിക്കുന്ന കാറ്റലന്‍ ക്ലബ്ബായ യുഇ കോര്‍ണെല്ലയെ (UE Cornella) മെസ്സി പൂര്‍ണ്ണമായും ഏറ്റെടുത്തു. കാറ്റലോണിയയുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പ്രാദേശിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനുമുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് മെസ്സിയുടെ ഈ പുതിയ നീക്കം.
'ഈ ഏറ്റെടുക്കലിലൂടെ, ബാഴ്സലോണയുമായുള്ള തന്റെ അടുത്ത ബന്ധം മെസ്സി കൂടുതല്‍ ശക്തമാക്കുന്നു. കാറ്റലോണിയയിലെ കായിക വികസനത്തിനും പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണിത് കാണിക്കുന്നത്. എഫ്സി ബാഴ്സലോണ താരമായിരുന്ന കാലം മുതല്‍ തുടങ്ങിയ ഈ ബന്ധം വര്‍ഷങ്ങള്‍ക്കിപ്പുറവും ശക്തമായി തുടരുന്നു,' എന്ന് ക്ലബ്ബ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
1951-ല്‍ സ്ഥാപിതമായ കോര്‍ണെല്ല, യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പേരുള്ള ക്ലബ്ബാണ്. സ്‌പെയിനിലെ സെമി-പ്രൊഫഷണല്‍ ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ ക്ലബ്ബ്, യൂത്ത് അക്കാദമിയിലെ മികച്ച പ്രവര്‍ത്തനത്തിലൂടെയാണ് അറിയപ്പെടുന്നത്. ലോകോത്തര താരങ്ങളായ ജോര്‍ഡി ആല്‍ബ, ഡേവിഡ് റായ, ജെറാര്‍ഡ് മാര്‍ട്ടിന്‍, ജാവി പുവാഡോ, കെയ്റ്റ ബാള്‍ഡെ, ഐറ്റര്‍ റൂയിബാല്‍, ഇല്ലി സാഞ്ചസ് തുടങ്ങിയവര്‍ ഈ ക്ലബ്ബിന്റെ അക്കാദമിയിലൂടെ വളര്‍ന്നുവന്നവരാണ്.
നിലവില്‍ ലീഗില്‍ മികച്ച ഫോമിലുള്ള കോര്‍ണെല്ല, പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മാന്‍രേസയേക്കാള്‍ വെറും അഞ്ച് പോയിന്റ് മാത്രം പിന്നിലുള്ള അവര്‍ ഇതിനകം തന്നെ പ്രൊമോഷന്‍ പ്ലേ ഓഫ് ഘട്ടത്തിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. മെസ്സിയുടെ സാമ്പത്തിക നിക്ഷേപം എത്തുന്നതോടെ ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിയും കൂടുതല്‍ മെച്ചപ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടീമിനെ സ്പാനിഷ് ഫുട്‌ബോളിന്റെ ഉയര്‍ന്ന ലീഗുകളിലേക്ക് എത്തിക്കുക എന്നതാണ് മെസ്സിയുടെ ലക്ഷ്യം.
