ലാ ലിഗ; റയല്‍ മാഡ്രിഡിന് ജിറോണയുടെ സമനിലപൂട്ട്; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ചെല്‍സിയോട് സമനിലകുരുക്ക്

Update: 2025-12-01 06:24 GMT

മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ കുരുക്കി ജിറോണ എഫ്സി. ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു. റയലിന് വേണ്ടി കിലിയന്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ വലകുലുക്കിയപ്പോള്‍ ജിറോണയ്ക്ക് വേണ്ടി അസെദീന്‍ ഔനാഹിയും ഗോള്‍ കണ്ടെത്തി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റയല്‍ മാഡ്രിഡ് സമനില വഴങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ജിറോണ എഫ്സിയാണ് ആദ്യം ഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് അസെദീന്‍ ഔനാഹിയിലൂടെയാണ് റയലിന്റെ വലകുലുങ്ങിയത്. ഒന്നാം പകുതി ജിറോണയ്ക്ക് അനുകൂലമായി പിരിഞ്ഞു.

67-ാം മിനിറ്റില്‍ റയല്‍ തിരിച്ചടിച്ചു. റയലിന് അനുകൂലമായി വിധിക്കപ്പെട്ട പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് റയലിന്റെ സമനില ഗോള്‍ നേടിയത്. പിന്നാലെ ഇരുഭാഗത്തുനിന്നും ഗോളുകള്‍ പിറക്കാതിരുന്നതോടെ ജിറോണയും റയലും ഓരോ പോയിന്റ് പങ്കിട്ട് പിരിഞ്ഞു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ആഴ്‌സണലിന് 1-1ന് സമനിലയില്‍ പൂട്ടി. 48ാം മിനിറ്റില്‍ ചലോഭാ ചെല്‍സിയുടെ ലീഡ് എടുത്തു. എന്നാല്‍ മിഖേല്‍ മെറീനോ 59ാം മിനിറ്റില്‍ ആഴ്‌സണലിനായി തിരിച്ചടിച്ചു. 38ാം മിനിറ്റില്‍ ചെല്‍സിതാരം കയ്‌സെഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.