റയല്‍ ബെറ്റിസ്- സെവിയ്യ ഡെര്‍ബിയോടെ ലാലിഗ തുടങ്ങും
സെവിയ്യയുടെ നാല് താരങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതായി കുറ്റസമ്മതം നടത്തി.
മാഡ്രിഡ്: റയല്‍ ബെറ്റിസ്- സെവിയ്യാ ഡെര്‍ബിയോടെ സ്പാനിഷ് ലീഗിന് തുടക്കമാവും. ജൂണ്‍ എട്ടിനാണ് സ്പാനിഷ് ലീഗിന് തുടക്കമാവുന്നത്. എന്നാല്‍, മല്‍സരങ്ങള്‍ ജൂണ്‍ 11ലേക്ക് മാറ്റിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. ആരാധകര്‍ കാത്തിരുന്ന ലാലിഗയുടെ ആദ്യമല്‍സരം കൊറോണ കാരണം മരണത്തെ വരിച്ചവര്‍ക്ക് സമര്‍പ്പിക്കുമെന്ന് സ്പാനിഷ് ലീഗ് ചീഫ് സേവിയര്‍ ടെബസ് അറിയിച്ചു. അതിനിടെ, സെവിയ്യയുടെ നാല് താരങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതായി കുറ്റസമ്മതം നടത്തി.
എവര്‍ ബനേഗ, ലൂക്കാസ് ഔകാമ്പോസ്, ഫ്രാങ്കോ വാസ്‌ക്വസ്, ലൂക്ക ഡേ ജോങ് എന്നിവരാണ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയത്. സ്പെയിനില്‍ 10 പേര്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കുണ്ട്. നിലവില്‍ സ്പെയിനിലെ അഞ്ച് ഫുട്ബോള്‍ താരങ്ങള്‍ക്ക് കൊറോണാ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ താരങ്ങള്‍ ഒരുമിച്ച് പരിശീലനം തുടങ്ങി. മെയ് 18 മുതല്‍ താരങ്ങള്‍ ഒറ്റയ്ക്ക് പരിശീലനം തുടങ്ങിയിരുന്നു. അതിനിടെ, പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബേണ്‍മൗത്തിന്റെ അഞ്ച് താരങ്ങള്‍ക്കും ഇന്ന് കൊറോണ സ്ഥീരികരിച്ചിട്ടുണ്ട്.