ലാലിഗ; ചാംപ്യന്‍മാര്‍ ഇന്ന് കളത്തില്‍
രാത്രി 11ന് മയ്യോര്‍കക്കെതിരെ ബാഴ്‌സലോണ ആദ്യ മല്‍സരത്തിനിറങ്ങും
മയ്യോര്‍ക്ക: ലാലിഗയില്‍ ഇന്ന് ബാഴ്‌സലോണ കളത്തില്‍. രാത്രി 11ന് മയ്യോര്‍ക്കയിലാണ് മല്‍സരം. കിരീടം നിലനിര്‍ത്താനുറച്ചാണ് ബാഴ്‌സലോണ ആദ്യ മല്‍സരത്തിനൊരുങ്ങുന്നത്. പുതു സീസണില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ ടീം ചില മാറ്റങ്ങളോടെയാകും ഇറങ്ങുക. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി പരിക്ക് കാരണം കളിക്കാന്‍ സാധ്യതയില്ല. അതോടൊപ്പം ഗോള്‍കീപ്പര്‍ മാര്‍ക്-ആന്ദ്രേ ടെര്‍ സ്റ്റെഗനും ഉണ്ടാവാനിടയില്ല. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ പുതിയ സൈനിങ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഇന്ന് ഉണ്ടാകില്ല. കഴിഞ്ഞ രണ്ട് സീസണുകളില്‍ പ്രതിരോധ നിരയിലെ നിറ സാന്നിദ്ധ്യമായിരുന്ന ഇനീഗോ മാര്‍ട്ടിനെസിന്റെ അല്‍നസറിലേക്കുള്ള കൂടുമാറ്റം ഹൈലൈന്‍ ഡിഫന്‍സിന് പ്രതിസന്ധിയാവും. പ്രീസീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബാഴ്‌സലോണ വലിയ പ്രതീക്ഷയിലാണ് സീസണിനെത്തുന്നത്.
സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുന്ന മയ്യോര്‍ക്ക വലിയ പ്രതീക്ഷയിലാണ്. ബാഴ്‌സ സൂപ്പര്‍ താരങ്ങളുടെ അഭാവം മുതലെടുക്കാന്‍ മയ്യോര്‍ക്ക ശ്രമിക്കും, എന്നാല്‍ പരിക്കേറ്റ പാബ്ലോ മാഫിയോ, സസ്‌പെന്‍ഷനിലായ ഒമര്‍ മസ്‌കരല്‍ തുടങ്ങിയ പ്രധാന താരങ്ങളുടെ അഭാവം അവര്‍ക്ക് തിരിച്ചടിയാകും. മയ്യോര്‍കക്കെതിരെ കഴിഞ്ഞ 15 മത്സരങ്ങളില്‍ 14 ലും ബാഴ്‌സക്കൊപ്പമായിരുന്നു വിജയം.