കിങ്‌സ്ലേ കോമാന്‍ ബയേണ്‍ വിട്ടു; പുതിയ തട്ടകം അല്‍ നസര്‍

Update: 2025-08-12 05:34 GMT

റിയാദ്: ഫ്രഞ്ച് വിങര്‍ കിങ്‌സ്ലേ കോമാന്‍ ബയേണ്‍ മ്യുണിക്ക് വിട്ടു. പുതിയ സീസണില്‍ 28കാരനായ കോമാന്‍ സൗദി വമ്പന്‍മാരായ അല്‍ നസറിനായി കളിക്കും. 30 മില്ല്യണ്‍ യൂറോയ്ക്കാണ് താരം ജര്‍മ്മന്‍ ക്ലബ്ബ് വിട്ടത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം അല്‍ നസറിലെത്തിയത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സാദിയോ മാനെയ്ക്കും ഒപ്പം വരും സീസണില്‍ കോമാനെയും അല്‍ നസറിനായി കാണാം. അടുത്തിടെ പോര്‍ച്ചുഗല്‍ താരം ജാവോ ഫ്‌ളിക്‌സിനെയും സ്‌പെയിനിന്റെ ബാഴ്‌സാ താരം ഇനിയാഗോ മാര്‍ട്ടിന്‍സിനെയും അല്‍ നസര്‍ സൈന്‍ ചെയ്തിരുന്നു. സൗദി പ്രോ ലീഗ് കിരീടം ലക്ഷ്യമിട്ട് കോച്ച് ജോര്‍ജ്ജ് ജീസസിന്റെ കീഴില്‍ മികച്ച സ്‌ക്വാഡുമായാണ് അല്‍ നസര്‍ വരുന്നത്.

ബയേണിനായി 339 മല്‍സരങ്ങളില്‍ നിന്ന് 72 ഗോള്‍ സ്‌കോര്‍ ചെയ്ത കോമാന്‍ ഒമ്പത് ബുണ്ടസാ ലീഗ് കിരീടവും മൂന്ന് ജര്‍മ്മന്‍ കപ്പും ആറ് സൂപ്പര്‍ കപ്പും നേടിയിട്ടുണ്ട്.

Tags: