ന്യൂഡല്‍ഹി: മനാലോ മാര്‍ക്കസിന് പകരക്കാരന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഉള്ള ചര്‍ച്ചകളിലാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. വെറും പന്ത്രണ്ട് മാസം മാത്രം നീണ്ടു നിന്നതായിരുന്നു മനോലോയുടെ ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനം. അദ്ദേഹത്തിന്റെ കീഴില്‍ കളിച്ച എട്ട് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജയം കണ്ടെത്താനായത്. ഇന്ത്യയാകട്ടെ റാങ്കിങ്ങില്‍ ആറ് സ്ഥാനങ്ങള്‍ നഷ്ട്ടപ്പെട്ട് 136ാം സ്ഥാനത്തേക്കും എത്തി. അതിന് പിന്നാലെയാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ എ ഐ എഫ് എഫ് തുടങ്ങിയത്.
ഈ നീക്കങ്ങുളുടെ ഭാഗമായി എ ഐ എഫ് എഫ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഖാലിദ് ജമീല്‍ എ ഐ എഫ് എഫിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ജമീല്‍ ഖാലിദിന് പുറമെ അന്റോണിയോ ലോപ്പസ് ഹബാസ്, ആന്‍ഡ്രി ചെര്‍ണിഷോവ്, സ്റ്റെയ്കോസ് വെര്‍ഗെറ്റിസ്, അന്റോണിയോ റൂഡ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍, മറ്റ് പരിശീലകരെക്കാള്‍ മുന്‍തൂക്കം ഖാലിദിന് ആണെന്ന് പറയാം. കാരണം, ഇന്ത്യന്‍ ഫുട്‌ബോള്‍ സാഹചര്യങ്ങളെ നന്നായി അറിയാവുന്ന ഒരാളാണ് ഖാലിദ്. ഇന്ത്യയുടെ താരമായും, ഐ ലീഗും, ഇന്ത്യന്‍ സൂപ്പര്‍ ലീഗും, അടക്കമുള്ള ഇന്ത്യയിലെ പ്രധാന ലീഗുകളില്‍ പരിശീലിപ്പിച്ചും പരിചയസമ്പന്നാനാണ് അദ്ദേഹം.
ഐസ്വാള്‍ എഫ് സിക്ക് ഐ ലീഗ് പട്ടം നേടികൊടുത്താണ് ഖാലിദ് തന്റെ വരവ് അറിയിച്ചത്. ഐ എസ് എല്ലിലും അദ്ദേഹത്തിന് മികച്ച നേട്ടങ്ങളാണ് ഉള്ളത്. 2020-21 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റ്‌റെ, മുഖ്യ പരിശീലകന്‍ ജെറാര്‍ഡ് നസ് ക്ലബ്ബുമായി സീസണിന്റെ മധ്യത്തില്‍ വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് ജമീല്‍ താല്‍ക്കാലിക ഹെഡ് കോച്ചായി ചുമതലയേട്ടിരുന്നു. അന്ന് ആകെ തകര്‍ന്ന ടീമിനെ പിന്നീടുള്ള 10 മത്സരങ്ങളില്‍ അപരാജിത പ്രകടനത്തോടെ ഐഎസ്എല്‍ പ്ലേഓഫിലേക്ക് നയിച്ചു.
അടുത്ത സീസണില്‍ ഒരു ഐഎസ്എല്‍ ടീമിനെ മുഴുവന്‍ സമയവും കൈകാര്യം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനായും അദ്ദേഹം മാറി. 2023 ഡിസംബറില്‍ ജാംഷഡ്പൂര്‍ എഫ്സിയില്‍ ചേര്‍ന്ന ജമീല്‍ അവരെ സൂപ്പര്‍ കപ്പ് സെമിഫൈനലിലെത്തിച്ചു. കൂടാതെ 2024-25 ഐ എസ് എല്‍ സീസണില്‍, അദ്ദേഹം ജംഷെദ്പുരിനെ പ്ലേഓഫില്‍ എത്തുകയും, സൂപ്പര്‍ കപ്പില്‍ ഫൈനലിലും എത്തിക്കുകയും ചെയ്തു.
