രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയുടെ നടുവൊടിച്ച് കേരളം; നാലു പേര്‍ പുറത്തായത് റണ്ണൊന്നുമെടുക്കാതെ, അരങ്ങേറ്റത്തില്‍ നിരാശനായി പൃഥ്വി ഷാ

Update: 2025-10-15 08:16 GMT

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിനു മികച്ച തുടക്കം. ആദ്യ ഇന്നിങ്സില്‍ മഹാരാഷ്ട്രയെ എറിഞ്ഞിട്ടാണ് കേരളം കരുത്ത് കാട്ടിയത്. കാര്യവട്ടം സ്റ്റേഡിയത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം മഹാരാഷ്ടയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കളി തുടങ്ങിയ ഉടനെ റണ്‍സ് കൂട്ടിചേര്‍ക്കും മുമ്പ് മൂന്ന് ബാറ്റര്‍മാരാണ് പവലിയനിലേക്ക് മടങ്ങിയത്. എം.ഡി. നിധീഷിന്റെ ആദ്യ ഓവറില്‍ പൃഥ്വി ഷാ, സിദ്ധേഷ് വീര്‍ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

പൃഥ്വി ഷാ എല്‍ബിഡബ്ല്യു ആയി മടങ്ങിയതിന്റെ തൊട്ടടുത്ത പന്തില്‍ വീറിനെ അസ്ഹറുദ്ദീന്‍ ക്യാച്ചെടുത്തു പുറത്താക്കി. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി പൃഥ്വി ഷായുടെ അരങ്ങേറ്റ മല്‍സരമായിരുന്നു. രണ്ടാം ഓവറില്‍ ബേസിലിന്റെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ഗോള്‍ഡന്‍ ഡക്കായി. ക്യാപ്റ്റന്‍ അങ്കിത് ഭാവ്‌നെ (പൂജ്യം), സൗരഭ് നവാലെ (23 പന്തില്‍ 12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നിധീഷ് മൂന്നും ബേസില്‍ രണ്ടുവിക്കറ്റും വീഴ്ത്തി. മത്സരം 26 ഓവറുകള്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര. ഋതുരാജ് ഗെയ്ക് വാദും(35) ജലജ് സക്സേനയുമാണ് (29*)ക്രീസിലുള്ളത്. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആദ്യ മല്‍സരത്തില്‍ കേരളത്തിനായി കളിക്കുന്നുണ്ട്.

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളത്തിന്റെ സ്ഥാനം. പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവയാണ് മറ്റ് ടീമുകള്‍. മികച്ച പ്രകടനവുമായി ടീമിന്റെ ഫൈനല്‍ പ്രവേശനത്തിന് വഴിയൊരുക്കിയ കഴിഞ്ഞ തവണത്തെ താരങ്ങള്‍ ഭൂരിഭാഗം പേരും ഇത്തവണയും ടീമിനൊപ്പമുണ്ട്.

ഒറ്റ മല്‍സരത്തില്‍ പോലും തോല്‍വി വഴങ്ങാത്ത രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഫൈനലില്‍ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡിന്റെ മികവിലായിരുന്നു വിദര്‍ഭ ജേതാക്കളായത്. ആകെയുള്ള ഏഴ് മല്‍സരങ്ങളില്‍ നാലെണ്ണം കേരളത്തിലാണ് നടക്കുക. പഞ്ചാബ്, മധ്യപ്രദേശേ്, ഗോവ എന്നീ ടീമുകളുമായാണ് കേരളത്തിന്റെ എവേ മല്‍സരങ്ങള്‍.

കേരളം പ്ലേയിങ് ഇലവന്‍: മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, അക്ഷയ് ചന്ദ്രന്‍, ബാബ അപരാജിത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിധീഷ്, ബേസില്‍ എന്‍.പി, ഏദന്‍ ആപ്പിള്‍ ടോം.

മഹാരാഷ്ട്ര പ്ലേയിങ് ഇലവന്‍: അങ്കിത് ഭാവ്‌നെ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സിദ്ധേഷ് വീര്‍, ഋതുരാജ് ഗെയ്ക്വാദ്, സൗരഭ് നവാലെ, ജലജ് സക്‌സേന, വിക്കി ഒസ്വാള്‍, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രജനീസ് ഗുര്‍ബാനി.




Tags: