സന്തോഷ് ട്രോഫിയില്‍ കേരളം മുന്നോട്ട്; ഒഡിഷയെ തകര്‍ത്തു

Update: 2026-01-27 14:10 GMT

ദിബ്രുഗഢ്: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം. ഗ്രൂപ്പ് ബിയിലെ മൂന്നാം മല്‍സരത്തില്‍ ഒഡിഷയെ കേരളം കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ ജയം. മൂന്നുമല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്.

മുന്നേറിയും പ്രതിരോധിച്ചുമാണ് കേരളം ഒഡിഷയ്ക്കെതിരേ തുടങ്ങിയത്. പന്തടക്കത്തില്‍ ഒഡിഷ ആധിപത്യം പുലര്‍ത്തിയതോടെ കേരളം കളി കടുപ്പിച്ചു. പിന്നാലെ 22-ാം മിനിറ്റില്‍ ലീഡെടുത്തു. ഒഡിഷ താരത്തിന്റെ പിഴവ് മുതലെടുത്താണ് കേരളം വലകുലുക്കിയത്. മൈതാന മധ്യത്തുനിന്ന് നിന്ന് ഒഡിഷ പ്രതിരോധതാരം നല്‍കിയ പാസ് പിഴച്ചു. പന്ത് പിടിച്ചെടുത്ത ഷിജിന്‍ തകര്‍പ്പന്‍ ഡ്രിബ്ലിങ്ങുമായി മുന്നേറിയാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ വീണില്ല.

രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടാണ് ഒഡിഷ ഇറങ്ങിയത്. എന്നാല്‍ കേരളം വിട്ടുകൊടുത്തില്ല. പലതവണ കേരളത്തിന്റെ ബോക്സിലേക്ക് ഒഡിഷ താരങ്ങള്‍ ഇരച്ചെത്തി. പക്ഷേ ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതി പ്രതിരോധിച്ച കേരളം ജയത്തോടെ മടങ്ങി.




Tags: