ഐഎസ്എല്‍; ജംഷഡ്പൂര്‍ എഫ്‌സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം
മലയാളി കരുത്തില്‍ ജംഷഡ്പൂരിനെ തകര്‍ത്തു
കൊച്ചി: ഇന്ത്യന്‍ സൂപര്‍ ലീഗില്‍ ജംഷഡ്പൂരിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം. മലയാളി താരങ്ങളായ നിഹാല്‍ സുധീഷും വിപിന്‍ മോഹനും ആദ്യപകുതിയില്‍ നേടിയ ഗോളുകളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ ഹോം ഗ്രൗണ്ട് ജയം കൂടിയാണിത്.
പുതിയ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡിന് കീഴിലുള്ള രണ്ടാം ജയമാണിത്. കഴിഞ്ഞ നോര്‍ത്ത് ഈസ്റ്റിനെതിരായ മല്‍സരം അവസാന നിമിഷം സമനിലയില്‍ കലാശിക്കുകയായിരുന്നു. അതിന് മുന്‍പുള്ള മല്‍സരത്തില്‍ ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി ബെംഗളൂരു എഫ്സിക്കെതിരേ അവരുടെ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം നേടാനും സാധിച്ചിരുന്നു.
നിലവില്‍ റെലഗേഷന്‍ ഭീഷണിയില്‍ നിന്നും ടീം ഒഴിവായിട്ടുണ്ട്. ജയത്തോടെ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് ഉയര്‍ന്നു. 10 മല്‍സരങ്ങളില്‍ രണ്ടു വീതം ജയവും സമനിലയും 6 തോല്‍വിയുമോടെ 8 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഇനിയുള്ള മല്‍സരങ്ങള്‍ ജയിച്ച് പോയിന്റ് മെച്ചപ്പെടുത്തുകയാകും ടീമിന്റെ ലക്ഷ്യം. ഏപ്രില്‍ 23ന് ഒഡീഷയ്‌ക്കെതിരേയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.