ആശ്വാസ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്; മുംബൈ സിറ്റിക്കെതിരേ ഒരു ഗോള്‍ ജയം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന ഹോം മത്സരം ജയിച്ചുകയറി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട വീഴ്ത്തിയത്.മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയത്. ജയത്തോടെ പഞ്ചാബ് എഫ്.സിയെ മറികടന്ന് ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തേക്ക് കയറി. അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് തലയുയര്‍ത്തി മടങ്ങുന്നത്. ജയമോ സമനിലയോ പിടിച്ച് പ്ലേ ഓഫില്‍ കയറാമെന്നാഗ്രഹിച്ച മുംബൈക്ക് ഇനി പ്ലേ ഓഫിലേക്ക് ഒന്നൂടി ആഞ്ഞു കളിക്കേണ്ടി വരും.
മാര്‍ച്ച് 12ന് ഹൈദരാബാദ് എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് 23 കളികളില്‍ 28 പോയന്റാണ്. ജാംഷഡ്പൂര്‍ എഫ്.സിക്കെതിരെ കലൂരില്‍ നടന്ന മത്സരത്തില്‍ സെല്‍ഫ് ഗോളിന്റെ വീഴ്ചയില്‍ സമനിലയായതോടെയാണ് ബ്ലാസ്റ്റേഴ്‌സില്‍ ചെറുതായെങ്കിലും ശേഷിച്ചിരുന്ന പ്ലേ ഓഫ് സാധ്യത പൂര്‍ണമായും തകര്‍ന്നത്.പ്ലേ ഓഫില്‍ കയറിപ്പറ്റാന്‍ സാധിച്ചില്ലെങ്കിലും സീസണിലുടനീളം നല്ല പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം. 23 മത്സരങ്ങളില്‍നിന്ന് ഇതുവരെ 36 ഗോളുകളാണ് ടീം വഴങ്ങിയത്.
