കേരളാ ബ്ലാസ്റ്റേഴ്‌സ് മലപ്പുറത്തേക്ക് വരുന്നു; ഡിസംബറില്‍ മല്‍സരം നടക്കാന്‍ സാധ്യത

Update: 2025-10-26 08:34 GMT

മലപ്പുറം: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മലപ്പുറത്ത് സൗഹൃദ മത്സരം കളിച്ചേക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാവും. മലപ്പുറം സൂപ്പര്‍ ലീഗ് കേരളയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനവും ടീമിന് ലഭിച്ച ആരാധക പിന്തുണയും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അബിന്‍ ചാറ്റര്‍ജിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സൗഹൃദ മത്സരം സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. ഐഎസ്എല്ലിന്റെ തിയ്യതി പ്രഖ്യാപിച്ചാല്‍ ഇതിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ഒരു സൗഹൃദ മത്സരം കളിക്കാന്‍ പദ്ധതിയിടുകയാണ്. മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തില്‍ കളിക്കാനുള്ള നീക്കമാണ് മഞ്ഞപ്പടക്കുള്ളതെന്നാണ് വിവരം.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന മലപ്പുറം എഫ്‌സിയുമായി മലപ്പുറത്ത് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചാല്‍ അത് വലിയ പോരാട്ടമായി മാറുമെന്നുറപ്പ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരും മലപ്പുറത്തിന്റെ ആരാധകരും ചേരുമ്പോള്‍ സൂപ്പര്‍ പോരാട്ടത്തിന്റെ ആവേശം തന്നെ സൗഹൃദ മത്സരത്തില്‍ ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണിന് ഉടമസ്ഥാവകാശമുള്ള ടീമാണ് മലപ്പുറം എഫ്‌സി.

ഇത്തവണ തകര്‍പ്പന്‍ താരനിരയാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാലയാണ് ഇത്തവണ മഞ്ഞപ്പടക്ക് തന്ത്രമോതുന്നത്. ആഭ്യന്തര താരങ്ങളോടൊപ്പം മികച്ച വിദേശ താരങ്ങളുടെ കരുത്തും ബ്ലാസ്റ്റേഴ്‌സിന് അവകാശപ്പെടാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ ടീമിന് മുകളില്‍ വലിയ പ്രതീക്ഷകളുണ്ട്.

സൂപ്പര്‍ കപ്പിലും ഐഎസ്എല്ലിലും കപ്പിലേക്കെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സാധിക്കുമെന്ന പ്രതീക്ഷയാണ് ഇത്തവണയുള്ളത്. ഐഎസ്എല്ലിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കിലും ഡിസംബര്‍ പകുതിയോടെ ടൂര്‍ണമെന്റ് ആരംഭിക്കാനുള്ള ശക്തമായ നീക്കമാണ് നടത്തുന്നത്. ടൂര്‍ണമെന്റ് നടത്തിപ്പിനായി എഐഎഫ്എഫ് ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ പല പ്രധാന ഗ്രൂപ്പുകളും പങ്കെടുത്തുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് നിലവില്‍ സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തിനായുള്ള മുന്നൊരുക്കത്തിലാണ്. സൂപ്പര്‍ കപ്പിന് മുന്നോടിയായുള്ള സൗഹൃദ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയെ അടക്കം പരാജയപ്പെടുത്തിയിരുന്നു.




Tags: