സ്പാനിഷ് താരം കോള്‍ഡോ ഒബിയേറ്റയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
സ്പാനിഷ് താരവുമായി ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു
കൊച്ചി: 12മത് ഐഎസ്എല്‍ സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് സ്പാനിഷ് താരം കോള്‍ഡോ ഒബിയേറ്റയുമായി ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി മികവും വര്‍ഷങ്ങളുടെ പ്രൊഫഷണല്‍ പരിചയസമ്പത്തുമുള്ള സെന്റര്‍ ഫോര്‍വേഡ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയില്‍ മുതല്‍ക്കൂട്ടാകും. 31കാരനായ കോള്‍ഡോ സ്പാനിഷ് ക്ലബ്ബായ റിയല്‍ യൂണിയനില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്.
ബാസ്‌ക് കണ്‍ട്രിയിലെ ജെര്‍ണിക്കയില്‍ ജനിച്ച കോള്‍ഡോ, തന്റെ ഹോംടൗണ്‍ ക്ലബ്ബായ ജേര്‍ണികയില്‍ നിന്നാണ് ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 2012-ല്‍ സീനിയര്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സമൂദിയോ, എസ് ഡി അമോറെബിയെറ്റ, സി ഡി ടുഡെലാനോ, എ ഡി അല്‍കോര്‍ക്കോണ്‍ എന്നിവയുള്‍പ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എയറില്‍ പന്ത് സ്വീകരിക്കാനുള്ള അസാമാന്യമായ കഴിവും കൗണ്ടര്‍ അറ്റാക്കുകളിലെ ഫിനിഷിംഗ് മികവും കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് കരുത്തുപകരും.
കോള്‍ഡോയുടെ ടീമിലേക്കുള്ള വരവിനെ കുറിച്ച് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ്: 'സ്പാനിഷ് ക്ലബ്ബുകളില്‍ കളിച്ച് പരിചയമുള്ള ഒരു മികച്ച മുന്നേറ്റതാരമാണ് കോള്‍ഡോ. ഞങ്ങളുടെ മുന്നേറ്റനിരക്ക് അദ്ദേഹത്തിന്റെ കഴിവുകള്‍ കൂടുതല്‍ കരുത്ത് പകരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'
കോള്‍ഡോ ഒബിയേറ്റയുടെ പ്രതികരണം: 'എനിക്ക് ഈ ഓഫര്‍ ലഭിച്ചപ്പോള്‍, ക്ലബ്ബിനെക്കുറിച്ച് ഞാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു, ആരാധകരെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ കണ്ടു. ഈ കുടുംബത്തിന്റെ ഭാഗമായതില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. കളിക്കളത്തില്‍ ഇറങ്ങാനും എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും ഞാന്‍ കാത്തിരിക്കുകയാണ്.'
സിഇഒ അഭിക് ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു: 'ഈ സീസണിലെ ഞങ്ങളുടെ ആദ്യ വിദേശ താരമായി കോള്‍ഡോ ഒബിയേറ്റയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും മുന്നേറ്റത്തില്‍ ഗോളുകള്‍ നേടാനുള്ള കഴിവും ടീമിന് കരുത്തുപകരും. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ടീമിനെ സഹായിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.''
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസണ്‍ ക്യാമ്പ് ഈ മാസം ഏഴിന് ഗോവയില്‍ ആരംഭിക്കുന്നതോടെ കോള്‍ഡോയും ടീമിനൊപ്പം ചേരും. അദ്ദേഹത്തെ കൂടാതെ, ഈ സീസണില്‍ പുതുതായി കരാറിലെത്തിയ മറ്റു താരങ്ങളും ഗോവയില്‍ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.

