ഇറ്റലി-പോര്‍ച്ചുഗല്‍? ഖത്തര്‍ ലോകകപ്പിലേക്ക് ഇവരില്‍ ഒരാള്‍

പ്ലേ ഓഫിലെ ആദ്യ മല്‍സരങ്ങളില്‍ ഇരുവരും ജയിക്കുന്ന പക്ഷമാണ് ഇവര്‍ നേര്‍ക്ക് നേര്‍ വരിക

Update: 2021-11-26 18:20 GMT


റോം: ഖത്തര്‍ ലോകകപ്പ് കളിക്കാന്‍ ഇക്കുറി പോര്‍ച്ചുഗല്‍, ഇറ്റലി എന്നീ ടീമുകളില്‍ നിന്ന് ഒരാള്‍ മാത്രം യോഗ്യത നേടും. ഇരുവരും ലോകകപ്പ് പ്ലേ ഓഫില്‍ നേര്‍ക്ക് നേര്‍ വരരുതെ എന്ന ആരാധകരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായില്ല. അല്‍പ്പം മുമ്പ് പ്രഖ്യാപിച്ച പ്ലേ ഓഫ് ഡ്രോയാണ് ആരാധകരെ നിരാശരാക്കിയത്. ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇല്ലാത്ത ലോകകപ്പ് ആരാധകര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. താരം കരിയര്‍ ആരംഭിച്ചത് മുതല്‍ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. ഇറ്റലിയാവട്ടെ കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. ഇത്തവണയും യോഗ്യത നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂറോ ജേതാക്കള്‍ക്ക് അത് വന്‍ നാണക്കേടാവും. ഇക്കുറി പോര്‍ച്ചുഗലിനെ വീഴ്ത്തി ഇറ്റലിയോ ഇറ്റലിയെ മറികടന്ന് പോര്‍ച്ചുഗലോ ഖത്തറിലേക്ക് യോഗ്യത നേടുമ്പോള്‍ പ്രമുഖരില്‍ ഒരാള്‍ പുറത്ത് പോവും.


പ്ലേ ഓഫിലെ ആദ്യ മല്‍സരങ്ങളില്‍ ഇരുവരും ജയിക്കുന്ന പക്ഷമാണ് ഇവര്‍ നേര്‍ക്ക് നേര്‍ വരിക. പോര്‍ച്ചുഗലിന്റെ ആദ്യ മല്‍സരത്തിലെ എതിരാളി തുര്‍ക്കിയാണ്. ഇറ്റലിയുടെ എതിരാളി മാസിഡോണിയയും. ഈ രണ്ട് മല്‍സരങ്ങളിലെയും വിജയികളാണ് പരസ്പരം ഏറ്റുമുട്ടുക. 12 ടീമുകളാണ് മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് പ്ലേ ഓഫ് മല്‍സരങ്ങളില്‍ കളിക്കുക.

മറ്റ് മല്‍സരങ്ങളില്‍ സ്വീഡന്‍ ചെക്ക് റിപ്പബ്ലിക്കിനെയും പോളണ്ട് റഷ്യയെയും നേരിടും. ഈ രണ്ട് മല്‍സരങ്ങളിലെയും വിജയികള്‍ പരസ്പരം ഏറ്റുമുട്ടും. മറ്റൊരു സെമിയില്‍ സ്‌കോട്ട്‌ലന്റ് ഉക്രെയ്‌നെയും വെയ്ല്‍സ് ഓസ്ട്രിയയെയും നേരിടും. ഇതിലെ വിജയികള്‍ തമ്മില്‍ ഒരു മല്‍സരം നടക്കും. 12 ടീമുകള്‍ അണിനിരക്കുന്ന ആറ് സെമി മല്‍സരങ്ങള്‍ ആണ് ഉണ്ടാവുക. ഇതില്‍ നിന്ന് ആദ്യ ആറ് ടീമുകള്‍ പുറത്താവും. രണ്ടാം റൗണ്ട് മല്‍സരങ്ങളില്‍ നിന്ന് വീണ്ടും മൂന്ന് ടീം പുറത്താവും. ശേഷിക്കുന്ന മൂന്ന് ടീമുകളാണ് ഖത്തറിലേക്ക് യോഗ്യത നേടുക.




Tags:    

Similar News