മെസി ഇല്ലെങ്കിലും പ്രശ്‌നമില്ല, ടീമില്‍ പ്രതിഭാധനരായ നിരവധി കളിക്കാരുണ്ട്: ലയണല്‍ സ്‌കലോനി; കൊളംബിയക്കെതിരേ സമനില പൂട്ട്

Update: 2025-06-11 06:24 GMT
മെസി ഇല്ലെങ്കിലും പ്രശ്‌നമില്ല, ടീമില്‍ പ്രതിഭാധനരായ നിരവധി കളിക്കാരുണ്ട്: ലയണല്‍ സ്‌കലോനി; കൊളംബിയക്കെതിരേ സമനില പൂട്ട്

ബ്യൂണസ് ഐറിസ്: മിന്നും താരം ലയണല്‍ മെസിയുടെ അഭാവത്തിലും കളിച്ചു ജയിക്കാന്‍ അര്‍ജന്റീന ടീം പ്രാപ്തരായെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോനി. ടീമില്‍ പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കു മൂലം കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മെസി കളിച്ചില്ലെങ്കിലും അര്‍ജന്റീന ടീം ജയത്തോടെ 2026 ലോകകപ്പിന് യോഗ്യത നേടിയിരുന്നു. കൊളംബിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിന് മുമ്പായിരുന്നു സ്‌കലോനി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. അതിനിടെ ഇന്നു പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ അര്‍ജന്റീനയെ കൊളംബിയ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനില പാലിച്ചത്.

മല്‍സരത്തിന്റെ 24-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ കൊളംബിയ ഒരു ഗോള്‍ ലീഡുമായി മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും സമനിഗല ഗോളിനായുള്ള അര്‍ജന്റീനയുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

ഇതിനിടെ എഴുപതാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ അര്‍ജന്റീന പ്രതിസന്ധിയിലായി. ലോക ചാംപ്യന്‍മാര്‍ തോല്‍വിയിലേക്ക് വീഴുമോ എന്ന ആശങ്കകള്‍ക്കിടെ അര്‍ജന്റീനയുടെ സമനില ഗോളെത്തി. 81 മിനിറ്റില്‍ തിയാഗോ അല്‍മേഡയാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയത്. സമിനില വഴങ്ങിയെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത പട്ടികയില്‍ 35 പോയന്റുമായി അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്നു.





Tags:    

Similar News