ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പോരാട്ടത്തിന്റെ പുതിയ സീസണ്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കവേ പ്രതിസന്ധി സംബന്ധിച്ച ഹരജി സുപ്രിം കോടതിയില്‍. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പുതിയ ഭരണഘടന അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ അമിക്കസ് ക്യൂറി ഗോപാല്‍ ശങ്കരനാരായണനും സമര്‍ ബന്‍സാലും ഐഎസ്എല്‍ പ്രതിസന്ധി ജസ്റ്റിസ് പിഎസ് നരസിംഹയുടേയും അതുല്‍ ചന്ദുര്‍ക്കറിന്റേയും ബഞ്ചിനു മുന്നില്‍ അവതരിപ്പിച്ചു.
പാര്‍ലമെന്റ് പാസാക്കിയ പുതിയ ദേശീയ കായിക നയവും ഫെഡറേഷന്‍ ഭരണഘടന അംഗീകരിക്കാന്‍ പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. ഡിസംബര്‍ എട്ടിനു മുന്‍പായി അന്തിമ തീരുമാനം പറയുമെന്നും കോടതി അറിയിച്ചു. എന്നാല്‍ തീരുമാനം നീളുന്നതാണ് ഐഎസ്എല്‍ പ്രതിസന്ധിയ്ക്കു കാരണമെന്നു അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഈ മാസം 22നു അടുത്ത വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ഐഎസ്എല്‍ സംഘാടകരും ഫെഡറേഷനും തമ്മിലുള്ള മാസ്റ്റര്‍ കരാറിന്റെ കാലാവധി അവസാനിക്കാറായതാണ് പ്രതിസന്ധിയ്ക്കു കാരണമായത്.
ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് നേരത്തെ എഐഎഫ്എഫ് തീരുമാനം പരമോന്നത കോടതിയുടെ ശ്രദ്ധയിലെത്തിക്കാന്‍ തീരുമാനിച്ചത്. ഐഎസ്എല്‍ പ്രതിസന്ധിയിലായതോടെ അത് ടീമുകളേയും താരങ്ങളേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നു സുപ്രിം കോടതിയില്‍ വിഷയമെത്തിക്കാന്‍ തീരുമാനിച്ചത്.
ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും ദേശീയ ഫെഡറേഷനും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പല ക്ലബ്ബുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. താരങ്ങള്‍ക്കുള്ള ശമ്പളവും നല്‍കുന്നില്ല. രാജ്യത്തെ ടോപ്പ് ലീഗായ ഐഎസ്എല്‍ സാധാരണയായി സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് നടക്കാറുള്ളത്. സംഘാടകരും എഐഎഫ്എഫും തമ്മിലുള്ള നിലവിലെ കരാര്‍ ഡിസംബര്‍ എട്ടിനു അവസാനിക്കും. ഇത്തവണ കരാര്‍ പുതുക്കേണ്ടതായിരുന്നു. എന്നാല്‍ അതിനുള്ള നീക്കങ്ങളുണ്ടായില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.
