ഐഎസ്എല്‍ അനിശ്ചിതത്വം തുടരുന്നു; ചര്‍ച്ച പരാജയം, ലീഗ് നടക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

Update: 2025-12-04 11:06 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയം. അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടക്കുമെന്ന് കായിക മന്ത്രിയുടെ ഭാഗത്തുനിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് ഒരു ക്ലബ്ബ് ഓഫിഷ്യല്‍ മാധ്യമങ്ങളോടു പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് പ്രശ്‌നപരിഹാരത്തിനായി ആറ് വ്യത്യസ്ത യോഗങ്ങളാണു കഴിഞ്ഞ ദിവസം നടത്തിയത്. ഐഎസ്എല്‍, ഐ ലീഗ് ക്ലബ്ബുകളും മാര്‍ക്കറ്റിങ് പാര്‍ട്ണര്‍മാരും ഒടിടി പ്ലാറ്റ്‌ഫോം പ്രതിനിധികളും യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

ലീഗ് നടത്തിപ്പിന് സ്‌പോണ്‍സറെ കണ്ടെത്തുന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിഹാരം കാണാതെ പിരിഞ്ഞിരുന്നു. രാവിലെ തുടങ്ങിയ ചര്‍ച്ച രാത്രി വൈകിയും നീണ്ടെങ്കിലും സ്‌പോണ്‍സര്‍മാരെ എങ്ങനെ കണ്ടെത്തുമെന്നതില്‍ തീരുമാനമായില്ല.