ഐഎസ്എല്‍; പ്ലേ ഓഫ് പ്രതീക്ഷ കാത്തുസൂക്ഷിക്കണം; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
കൊല്‍ക്കത്ത: ഐഎസ്എല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വെള്ളിയാഴ്ച കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെതിരേ. സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. ടീമില്‍ പുതുതായെത്തിയ മോണ്ടനെഗ്രൊ പ്രതിരോധതാരം ദുസാന്‍ ലഗാത്തോറിന്റെ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഉറ്റുനോക്കുന്നത്. മോണ്ടനെഗ്രൊ ദേശീയതാരമായ ലഗാത്തോര്‍ ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നാണ് കോച്ച് ടി.ജി. പുരുഷോത്തമന്റെ പ്രതീക്ഷ. എന്നാല്‍, ചെന്നൈയിന്‍ എഫ്.സി.യില്‍നിന്ന് പുതുതായെത്തിയ യുവ ഡിഫന്റര്‍ ബികാഷ് യുംനാമിന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്. കഴിഞ്ഞകളിയില്‍ ചുവപ്പുകാര്‍ഡ് കിട്ടിയ ഐബാന്‍ഭ ധോലിങ്ങിനും കളിക്കാന്‍ കഴിയില്ല.
കഴിഞ്ഞമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പത്തുപേരുമായി പൊരുതി ഗോള്‍രഹിത സമനിലനേടാന്‍ കഴിഞ്ഞത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. അവസാന മൂന്നുകളികളില്‍ രണ്ടു വിജയവും ടീം നേടി. സ്വന്തം തട്ടകത്തില്‍ ഈസ്റ്റ് ബംഗാളിനെ 2-1 സ്‌കോറില്‍ തോല്‍പ്പിച്ചതും ടീമിന് പ്രതീക്ഷപകരുന്നു.
ബ്ലാസ്റ്റേഴ്‌സ് 17 കളികളില്‍ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. അവശേഷിക്കുന്ന ഏഴുകളികളില്‍ നാലോ അഞ്ചോ ജയംനേടിയാല്‍ ആദ്യ ആറുസ്ഥാനങ്ങളില്‍ ഇടംനേടി പ്ലേ ഓഫിന് യോഗ്യതനേടാന്‍ ടീമിന് സാധ്യതതെളിഞ്ഞേക്കും. ഈസ്റ്റ് ബംഗാള്‍ 16 കളികളില്‍ 14 പോയിന്റുമായി 11-ാം സ്ഥാനത്താണ്.
