ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഏഴാം അങ്കം; എതിരാളി ഹൈദരാബാദ് എഫ് സി

കേരളമാവട്ടെ മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമായി നീങ്ങുകയാണ്.

Update: 2020-12-27 08:12 GMT


ബംബോലിം: ഏറെ പ്രതീക്ഷകളുമായെത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏഴാം മല്‍സരത്തില്‍ ഇന്ന് ആദ്യ ജയത്തിനായി ഇറങ്ങുന്നു. വൈകിട്ട് 7.30ന് ബംബോലിം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ കേരളത്തിന്റെ എതിരാളി ഹൈദരാബാദ് എഫ് സിയാണ്. വന്‍ താര നിരയുണ്ടെങ്കിലും ആദ്യ ജയം കേരളത്തിന് ഇനിയും കൈയ്യെത്താ ദൂരത്താണ്. സ്ഥിരതായര്‍ന്ന പ്രകടനം ഇല്ലെങ്കിലും രണ്ട് ജയവും മൂന്ന് സമനിലയുമായി ഹൈദരാബാദ് മികച്ച ഫോമിലാണ്. കേരളമാവട്ടെ മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമായി നീങ്ങുകയാണ്. വന്‍ താരനിരയുണ്ടെങ്കിലും ജയം നേടാന്‍ കഴിയാത്തത് ടീമിന്റെ പ്രധാന പോരായ്മയാണ്. ആദ്യ മല്‍സരത്തില്‍ എ ടി കെ മോഹന്‍ ബഗാനോട് 1-0ത്തിന് തോറ്റ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനോട് സമനില വഴങ്ങി. അടുത്ത മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് ഗോള്‍ രഹിത സമനില തുടര്‍ന്നു. പിന്നീടുള്ള മല്‍സരങ്ങളില്‍ ഗോവയോടും ബെംഗളുരൂവിനോട് ബ്ലാസ്‌റ്റേഴ്‌സ് പരാജയം രുചിച്ചു. അവസാന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനോടും കേരളം സമനില വഴങ്ങി. ഗാരി ഹൂപ്പര്‍, ജോര്‍ദാന്‍ മുറെ, നിഷു കുമാര്‍, കോസ്റ്റ നമോനിസു, ജെസല്‍ കാര്‍നിറോ, ഫാക്കുണ്ടോ പെരെര, കെ പി രാഹുല്‍ , സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ ഇന്ന് കേരളത്തിന്റെ പ്ലേയിങ് ഇലവനില്‍ കയറും.



Tags: