ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം
മോഹന്‍ ബഗാനോട് രണ്ടുഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപര്‍ ലീഗ് 2025-26 സീസന്റെ ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് എതിരില്ലാത്ത രണ്ടുഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ജെയ്മി മക്ലാരന്‍, ടോം ആല്‍ഡ്രഡ് എന്നിവരാണ് മോഹന്‍ ബഗാനുവേണ്ടി ഗോളുകള്‍ നേടിയത്. മല്‍സരത്തില്‍ ഒരു ഷോട്ട് പോലും എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ക്കാനാകാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല.
മോഹന്‍ ബഗാന്റെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഐഎസ്എല്‍ സീസണിലെ ഉദ്ഘാടന മല്‍സരം നടന്നത്. നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന്‍ തന്നെയാണ് തുടക്കം മുതല്‍ മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ നിന്ന് 80% സ്‌ക്വാഡിനേയും നിലനിര്‍ത്തിയാണ് ബഗാന്‍ ഇറങ്ങിയതെങ്കില്‍ വെറും രണ്ടുവിദേശ താരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ അണിനിരന്നത്.
ആദ്യ പകുതിയില്‍ ഡ്രിങ്ക്‌സ് ബ്രെക്കിനുശേഷം മോഹന്‍ ബഗാന്‍ നടത്തിയ ആദ്യ മുന്നേറ്റത്തിലാണ് ഓപ്പണിങ് ഗോള്‍ പിറന്നത്. അഭിഷേക് സിങ് ബോക്‌സിലേക്ക് നല്‍കിയ പന്തിലേക്ക് ഓടിയെത്തിയ ദിമിത്രി പെട്രാറ്റോസ് ബോക്‌സിന്റെ നടുവിലുള്ള ജെയ്മി മക്ലാരനിലേക്ക് പാസ് നല്‍കി. പന്തെടുത്ത് തിരിഞ്ഞ മക്ലാരന്‍ 36ാം മിനിറ്റില്‍ അനായാസം വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ പുതിയ വിദേശ താരങ്ങളായ മാര്‍ലോണ്‍ റൂസ്, കെവിക് യോക്ക് എന്നിവര്‍ ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ചു. മല്‍സരം അവസാനനിമിഷങ്ങളിലേക്ക് അടുത്തപ്പോള്‍ ചില മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കില്‍ ഗോള്‍ കണ്ടെത്താനായില്ല. പിന്നാലെ അധിക സമയത്ത് കോര്‍ണറില്‍ നിന്ന് ടോം ആല്‍ഡ്രഡ് 90+7ാം മിനിറ്റില്‍ ബഗാന്റെ രണ്ടാം ഗോളും സ്‌കോര്‍ ചെയ്തു.
മല്‍സരത്തില്‍ മോഹന്‍ ബഗാന്‍ 23 ഷോട്ടുകള്‍ അടിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വെറും രണ്ട് ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്. ബഗാന്‍ 65 ശതമാനം സമയത്തും പന്ത് കൈവശം വെച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ കയ്യിലുണ്ടായിരുന്നത് 35 ശതമാനം മാത്രമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ അടുത്ത മല്‍സരം ഫെബ്രുവരി 22ന് കൊച്ചിയില്‍ മുംബൈ സിറ്റിക്കെതിരേയാണ്.
